മണ്ണാര്‍ക്കാട്: നഗരത്തിൽ വീട്ടില്‍നിന്ന് ഒമ്പത് പവന്റെ ആഭരണങ്ങളും 11,000 രൂപയും കവർന്നു. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽനിന്നാണ് ആറ് പവന്റെ മാല മോഷ്ടിച്ചത്. ബസ് സ്റ്റാന്‍ഡിന് സമീപം പെരിഞ്ചോളം റോഡില്‍ പാലത്തിങ്കല്‍ ഹംസയുടെ വീട്ടിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ഹംസ, ഭാര്യ മുബീന, രണ്ട് മക്കൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മുബീനയുടെ മാല, അലമാരയിലുണ്ടായിരുന്ന വള, പഴ്സിലുണ്ടായിരുന്ന 3,000 രൂപ, മകളുടെ കഴുത്തിലുണ്ടായിരുന്ന മാല, ഹംസയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച 8,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.
വീടിനോട് ചേര്‍ന്ന വാടക ക്വാര്‍ട്ടേഴ്സിന് മുകളില്‍നിന്ന് ചെറിയ കോണി ഉപയോഗിച്ച് മോഷ്ടാക്കള്‍ രണ്ടാംനിലയിലെ സണ്‍ഷേഡിലേക്ക് കയറി ഇവിടെനിന്ന് കോണിപ്പടിക്ക് മുകളിലായുള്ള വെന്റിലേറ്ററിലൂടെ അകത്തേക്ക് കടന്നു എന്നാണ് നിഗമനം. മോഷണ സംഘത്തിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എസ്.ഐ വിവേകിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ഷൊര്‍ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡും പാലക്കാട്ടുനിന്ന് വിരലടയാള വിദഗ്ധരും എത്തി. ഡോഗ് സ്ക്വാഡിലെ ലിന്റ എന്ന നായ മണംപിടിച്ച് അരകുര്‍ശി-കുന്തിപ്പുഴ ബൈപാസ് വരെ ഓടി. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.