മണ്ണാര്‍ക്കാട്: കോല്‍പ്പാടം പുഴക്കു കുറുകെ പുതിയ പാലം നിര്‍മാണത്തിനുള്ള നടപടികളാകുന്നു. പൊതുമരാമത്ത് വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. തെങ്കര-കാഞ്ഞിരപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കോല്‍പ്പാടം പുഴക്ക് കുറുകെ നിലവില്‍ ചപ്പാത്ത് പാലമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണിത്. കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവര്‍ക്ക് മണ്ണാര്‍ക്കാട്, തെങ്കര എന്നിവടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവര്‍ക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കും പോകാനുള്ള എളുപ്പമാര്‍ഗമാണ് ഈ കോസ്വേ.
ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഇതുവഴി ഗതാഗതം നടത്തുന്നുണ്ട്. ശക്തമായ മഴയത്ത് കോസ്വേ വെള്ളത്തില്‍ മുങ്ങി ഗതാഗതം മുടങ്ങുന്നതും പതിവാണ്. ഈ ചപ്പാത്ത് പാലം പൊളിച്ച് കൈവരികളോടുകൂടിയ പുതിയ പാലം നിര്‍മിക്കണമെന്ന് നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എം.എൽ.എമാരായ എന്‍. ഷംസുദ്ദീന്, കെ. ശാന്തകുമാരി എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും പാലത്തിന്റെ പ്രസക്തി മന്ത്രിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള ചപ്പാത്ത് പൊളിച്ചാണ് 52 മീറ്റര്‍ നീളത്തിലും 9.75 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരുഭാഗത്ത് 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും. അപ്രോച്ച് റോഡുമുണ്ടാകും. ആറു കോടിരൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചപ്പാത്ത് പാലത്തില്‍ നിന്നും എട്ടുമീറ്റര്‍ മാറിയാണ് പുതിയ പാലം നിര്‍മിക്കുക. നിലവിലുള്ള റോഡില്‍ ബന്ധിപ്പിക്കുന്ന തരത്തിലാവും അപ്രോച്ച് റോഡ്.
ഇടതുഭാഗത്ത് 25 മീറ്ററും വലതുഭാഗത്ത് 69 മീറ്ററുമായായിരിക്കും റോഡ് വരിക. ഇതിനായി ഇരുഭാഗത്തുമായി 16.5 സെന്റോളം സ്ഥലം ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച എന്‍. ഷംസുദ്ദീന്, കെ. ശാന്തകുമാരി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ യോഗം ചേര്‍ന്നു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം മണ്ണാര്‍ക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ ശര്‍മിള, ഓവര്‍സിയര്‍മാരായ അനൂപ്ദാസ്, നൗഷാദ്, ടെസി പി. ജോര്‍ജ്ജ് തുടങ്ങിയവരും പങ്കെടുത്തു.
സ്ഥലമേറ്റെടുപ്പിനുള്ള ചര്‍ച്ചകളും പൂര്‍ത്തീകരിച്ചു. പാലത്തിന്റെ രൂപരേഖയും മറ്റും നാട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതര്‍ അറിയിച്ചു. വൈകാതെ തന്നെ അന്തിമ അനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍. ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.