മംഗലംഡാം: മലയോര മേഖലയായ ഓടംതോട്, വി.ആർ.ടി ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ട് ഉരുൾപൊട്ടൽ മൂലമുണ്ടായ മലവെള്ളപ്പാച്ചിലിൽ തോടുകളുടെ വശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉണ്ടായത് വലിയ നാശനഷ്ടം. പല ഭാഗങ്ങളിലും തോട് വഴിമാറി ഒഴുകി.
പറമ്പ് തോടായി മാറി. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി തുടങ്ങിയ കൃഷികൾ നശിച്ചു. പലരുടെയും വീട്ടുമുറ്റത്ത് കൂട്ടിയിട്ട തേങ്ങയും മറ്റ് സാധനങ്ങളും ഒലിച്ചുപോയി. നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾക്ക് കേടുപാട് പറ്റി. പടംകെട്ട തോട്ടിലെ റോഡുകൾ തകർന്ന് വലിയ ഗർത്തങ്ങളായി. ഓടംതോട് - ചടച്ചിക്കുന്ന് റോഡും തകർന്ന് വലിയ ചാലായി മാറി.
റെയിംസ് പാറ്റാനി, പെരുവാച്ചിറ സണ്ണി, ഇലഞ്ഞി ബാബു, ബാലകൃഷ്ണൻ, കുട്ടൻ, ടോമി പല്ലാട്ട്, സിബി പല്ലാട്ട്, റോയി മഠത്തിനാൽ, പി.കെ. ചന്ദ്രൻ, ദിവാകരൻ, റഹീമ മുത്തലീഫ്, മഠത്തിനാൽ ജോസഫ് വർഗീസ്, കൊളത്താരത്ത് മറിയക്കുട്ടി തൊമ്മൻ തുടങ്ങിയവർക്ക് നാശനഷ്ടം സംഭവിച്ചു. തോട് ദിശമാറി ഒഴുകി തെങ്ങ്, കവുങ്ങ് തുടങ്ങിയവ കടപുഴകി ഒലിച്ചു പോയി. ചടച്ചിക്കുന്ന് റോഡ് തകർന്നതോടെ ആ ഭാഗത്തുള്ള നാല് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഓടംതോട് സി.വി.എം കുന്നിന് താഴെയുള്ള ഏഴോളം വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾ ഒലിച്ചു പോയി. വീടുകൾ ചളിക്കളമായി. വളർത്തുമൃഗങ്ങളെയെല്ലാം സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റി.
വി.ആർ.ടിയിലും നിരവധി പേർക്ക് നാശനഷ്ടം സംഭവിച്ചു. കാരാംകുന്നേൽ ബ്ലസൺ ജോസഫിെൻറ 10 സെൻറ് പുരയിടത്തിൽ അഞ്ച് സെേൻറാളം സ്ഥലം തോടെടുത്തു.
വീടിനോട് ചേർന്നുള്ള ബാത്ത്റൂമിെൻറ അടിവശം ഒലിച്ചുപോയി ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഉപ്പുമാക്കൽ ജോസഫിെൻറ വീടിന് പിറക് വശം ഇടിഞ്ഞു. മുടക്കൊഴ രാഗേഷിെൻറ വീടിന് പിറക് വശത്ത് തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികളുണ്ടായിരുന്ന സ്ഥലമെല്ലാം തോടായി മാറി. ഫിലോമിന തയ്യിൽ, കുറുവന്താനം കുട്ടിച്ചൻ, വെങ്ങാട്ടു തെക്കേൽ രാജപ്പൻ, മനോജ് കുബ്രോട്ടിൽ തുടങ്ങിയവരുടെ പറമ്പുകളിൽ നാശനഷ്ടങ്ങളുണ്ടായി. മുടക്കൊഴ രവിയുടെ വീട്ടിലേക്കുള്ള വഴി ഒലിച്ചുപോയി. 100 വയസ്സുള്ള അമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റി. വി.ആർ.ടി വട്ടപ്പാറ റോഡ് തകർന്നു. പറശ്ശേരി ഉപ്പുമണ്ണിൽ മംഗലം ഡാമിലെ ചുമട്ടുതൊഴിലാളി സുരേഷ്, ആമിന അബ്ദുൽ കാദർ, പൗലോസ് ചിറയത്ത്, ബിനി ചാലിൽ, അലീമ ഹൈദ്രോസ്, പ്രകാശൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ദുരന്ത മേഖലകളിൽ നിന്നുമുള്ള കുടുംബങ്ങളെയെല്ലാം മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഉരുൾപൊട്ടിയ ലക്ഷണങ്ങൾ എവിടെയും കാണാത്തതു കൊണ്ട് മേഘസ്ഫോടനം മൂലമുണ്ടായ മലവെള്ളപ്പാച്ചിലാണെന്നാണ് നാട്ടുകാർ പറയുന്നത്. കുന്നിൻ പ്രദേശത്തെ ഒാരോ കൈവഴികളിലൂടെയും അതിശക്തമായ ജലപ്രവാഹമുണ്ടായതാണ് ഇതിന് തെളിവായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പാലക്കാട്ടുനിന്ന് എത്തിയ ജിയോളജിസ്റ്റുകളായ എം.വി. വിനോദ്, ഏറോൺ വിൽസൺ എന്നിവരുടെ അഭിപ്രായത്തിൽ തീവ്രമായ മഴയെ തുടർന്ന് വനഭാഗത്തുനിന്ന് എവിടെയോ ഉരുൾപൊട്ടിയത് തന്നെയാണെന്നാണ്.
മലവെള്ളപ്പാച്ചലിൽ തകർന്ന റോഡുകളെല്ലാം അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദുരന്ത മേഖലകളിൽ സന്ദർശനം നടത്തിയ കെ.ഡി. പ്രസേനൻ എം.എൽ.എ പറഞ്ഞു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, പഞ്ചായത്ത് - വില്ലേജ് അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.