പാലക്കാട്: ഒരു നൂറ്റാണ്ട് പിന്നിട്ട തങ്കത്തിന്റെ ഓർമകൾക്ക് ഇപ്പോഴും നല്ല തെളിച്ചം. 101ാം വയസിലും വ്യക്തതയും സ്ഫുടതയുമുള്ള സംസാരം. ആരെയെങ്കിലും കിട്ടിയാൽ വാതോരാതെ സംസാരിച്ചിരിക്കും. കൂടുതലും താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ്. വിഷമങ്ങൾ ആരോടെങ്കിലും പറയുമ്പോൾ ആശ്വാസം കിട്ടുമെന്നാണ് തങ്കത്തിന്റെ വാദം. 2023 ഡിസംബറിലാണ് പാലക്കാട് പാളയപേട്ട സ്വദേശിനി പി.കെ. തങ്കം മലമ്പുഴ കൃപാസദൻ വയോജന കേന്ദ്രത്തിലെത്തിയത്. ഇവിടെ വന്നശേഷമായിരുന്നു നൂറാം പിറന്നാൾ ആഘോഷം. ഒരു മകനാണ് തങ്കത്തിനുള്ളത്. നോക്കാൻ ബുദ്ധിമുട്ടായതോടെയാണ് വൃദ്ധസദനത്തിലാക്കിയതെന്ന് പറയുന്നു.
അഞ്ചാം ക്ലാസു വരെ പഠിച്ച തങ്കം നല്ല വായനക്കാരിയായിരുന്നു. പത്രങ്ങളും പുസ്തകങ്ങളും വായിക്കുമായിരുന്നു. ജില്ല ആശുപത്രി ജീവനക്കാരനായിരുന്ന പി.വി. കറപ്പനുമായി 22-ാം വയസിൽ വിവാഹം നടന്നു. വൈകാതെ കാൻസർ ബാധിച്ച് കറപ്പൻ മരിച്ചു. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് മകനെ വളർത്തിയതെന്നും കുടുംബം നോക്കിയതെന്നും പറയുമ്പോൾ പ്രായം വെള്ളപ്പാട കെട്ടിയ തങ്കത്തിന്റെ കണ്ണുകൾ നിറഞ്ഞു. നിലവിൽ പെൻഷൻ ലഭിക്കാറുണ്ട്.
വീടിനുചുറ്റുമുള്ള അടയാളങ്ങളും സമീപത്തെ ക്ഷേത്രവും കടകളുടെ പേരുമെല്ലാം ഇപ്പോഴും തങ്കത്തിന്റെ ഓർമയിൽനിന്നും മാഞ്ഞിട്ടില്ല. നാല് സഹോദരങ്ങളുടെ ഒരേയൊരു സഹോദരിയായിരുന്നു തങ്കം. സഹോദരങ്ങളെല്ലാവരും മരിച്ചു. കൃപാസദസനിൽ തന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്ന് അവർ പറയുന്നു. ഇടക്ക് വീട്ടിലേക്ക് പോയെങ്കിലും തിരിച്ചുവന്നു. പ്രായത്തിന്റെ അവശതമൂലം നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൂന്നുനേരവും ഭക്ഷണം മുറിയിൽ എത്തിച്ചാണ് നൽകുക. മരുന്നും കൃത്യമായി നൽകും. തൈറോയിഡും ദഹനസംബന്ധമായ പ്രശ്നങ്ങളുമല്ലാതെ തങ്കത്തിന് മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് കൃപാസദനിലെ ഫാ. സജിൻ പറഞ്ഞു. സിസ്റ്റർമാരായ പുഷ്പ വർഗീസ്, ജോ മിനി എന്നിവരാണ് വയോജനകേന്ദ്രത്തിലെ അന്തേവാസികളുടെ കാര്യങ്ങൾ നോക്കുന്നത്. നിലവിൽ 14 സ്ത്രീകളും 15 പുരുഷന്മാരും ഉൾപ്പെടെ 29 അന്തേവാസികളാണ് കൃപാസദനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.