അകത്തേത്തറ: നാട്ടുകാരെ പരിഭ്രാന്തരാക്കി വിലസുന്ന പി.ടി-ഏഴ് കാട്ടുകൊമ്പനെ പിടികൂടി കൂട്ടിലാക്കാനുള്ള ദൗത്യം ശനിയാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി ധോണിയിൽ കൂട് നിർമാണം പുരോഗമിക്കുകയാണ്. കൂടിന്റെ തൂണുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്.
സുൽത്താൻ ബത്തേരിയിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 16 അംഗ എലിഫന്റ് സ്ക്വാഡ് വയനാട്ടിലേക്ക് പോയിരുന്നു. ദൗത്യം പൂർത്തിയാക്കി സംഘം ബുധനാഴ്ച ധോണിയിൽ തിരിച്ചെത്തും. പി.ടി-ഏഴിനെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം ശനിയാഴ്ച ആരംഭിക്കുമെന്ന് അസി. വനം കൺസർവേറ്റർ ബി. രഞ്ജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
ദൗത്യസംഘത്തിലെ വിദഗ്ധരായ നാലംഗ ടീം ഭരതൻ, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ധോണി വനമേഖലയിൽ ആനയെ നിരീക്ഷിക്കും. ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ ദ്രുതപ്രതികരണ സേന രാത്രികാല പരിശോധന ഊർജിതമാക്കി.
അകത്തേത്തറ: പി.ടി-ഏഴ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ നിയമിതരായ ദൗത്യസംഘത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെ. വെടിവെക്കുന്നതിന് മുമ്പ് ജനങ്ങളുടെയും ദൗത്യസംഘത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യം. ഇതിനുള്ള മാർഗരേഖയാണ് ആവിഷ്കരിച്ച് നടപ്പാക്കുക.
ധോണി വനമേഖല മുണ്ടൂർ, അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നാട്ടുവഴികളും വനപാതകളും ഇഴചേർന്ന് കിടക്കുന്ന ഭൂപ്രകൃതിയാണ്. വനാതിർത്തി പ്രദേശത്ത് വിലസുന്ന പി.ടി-ഏഴിനെ ഉൾക്കാട്ടിലെത്തിച്ച് മയക്കുവെടി വെക്കുക ഏറെ ദുഷ്കരമാണ്. കുന്നും ചരിവും നിറഞ്ഞതാണ് ധോണി വനപ്രദേശം. കുങ്കിയാനകളെ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിച്ചുവേണം മയക്കുവെടി വെക്കാൻ.
കേരളത്തിലെ വനാന്തരങ്ങളിൽ കാട്ടാനശല്യം നിയന്ത്രണ വിധേയമാക്കുന്നതിന് നേതൃത്വം നൽകിയ വിദഗ്ധരാണ് ധോണിയിലെ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നേരത്തേ തൃശൂരിലും വയനാട്ടിലും പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണതകളില്ലാതെ ലക്ഷ്യത്തിലെത്തിക്കാൻ ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.