പാലക്കാട്: പുതിയ രൂപത്തിലും ഭാവത്തിലും മണിചെയിൻ തട്ടിപ്പ് സംഘങ്ങൾ ജില്ലയിൽ വീണ്ടും സജീവം. മാസ തവണകളായോ സ്ഥിരം നിക്ഷേപമായോ പണം അടച്ചാല്‍ ഏതാനും മാസത്തിലധികം ഇരട്ടിയിലധികം തിരികെ തരാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതാണ്. അതിനാൽ അന്തർ സംസ്ഥാന അയൽ ജില്ലകളിലെ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ ഓഫിസ് സ്ഥാപിച്ചാണ് ജില്ലയിലെ തട്ടിപ്പ്.
പല പൊതുമേഖല സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ളതും സർക്കാറിൽ നിന്ന് രജിസ്ട്രേഷൻ നേടിയശേഷം അവക്ക് വിരുദ്ധമായി പ്രവർത്തിച്ചുമാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപ 150 ദിവസംകൊണ്ട് രണ്ട് ലക്ഷമാക്കി തിരികെ തരാം, 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആഴ്ചയിൽ ഉയർന്ന തോതിൽ പലിശ തരാം എന്നതടക്കം വാഗ്ദാനങ്ങളിൽ വിശ്വസിച്ച് നിരവധി പേരാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഡയറക്ട് മാര്ക്കറ്റിങ്ങിെൻറ ചുവടുപിടിച്ചു മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പ് ഏറെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ്. പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും നിരവധിയാളുകൾ ഇവയിൽ ചേരുന്നതോടെ ഉന്നതർ മുങ്ങുന്നതാണ് പതിവ്.
തമിഴ്നാട് വിജിലൻസ് അടുത്തകാലത്ത് കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ എന്നിവിടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കിയതോടെ പലരുടെയും പണം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. നിേത്യാപയോഗ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള മണിചെയിൻ തട്ടിപ്പും വ്യാപകമാണ്. ആലത്തൂർ, പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ പണം നഷ്ടപ്പെട്ട പലരും രംഗത്ത് വന്നതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ പൊലീസിലോ മറ്റിടങ്ങളിലോ പരാതിപ്പെടരുതെന്നും പരാതിപ്പെട്ട് തുടർനടപടികൾ ഉണ്ടായാൽ നിക്ഷേപകരുടെ തുക ലഭിക്കിെല്ലന്നുമുള്ള ഭീഷണിയെ തുടർന്ന് പണം നിക്ഷേപിച്ച പലരും പരാതിപ്പെടാൻ മടിക്കുകയാണ്. വിഷയത്തിൽ അന്വേഷണം ഉൗർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.