പാലക്കാട്: അപകടങ്ങൾ തുടർക്കഥയായി ദേശീയപാത 544. നാലാഴ്ചകളിലായി ചെറുതും വലുതുമായ 40ഓളം അപകടങ്ങളാണ് കഞ്ചിക്കോടും പരിസരങ്ങളിലുമായി ഉണ്ടായത്. ആലമരം, സത്രപടി, പുതുശ്ശേരി പഞ്ചായത്ത്, പുതുശ്ശേരി ജങ്ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്.
പെട്ടെന്നുള്ള വളവും അതിനോട് സിഗ്നൽ സംവിധാനവും വാഹനത്തിരക്കും ഡ്രൈവർമാരെ ഒട്ടൊന്നുമല്ല വലക്കുക. നിരവധി വാഹനങ്ങൾ എത്തുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഹൈവേയിൽനിന്ന് തിരിഞ്ഞുപോകൽ വലിയ വെല്ലുവിളിയാണ്. നവീകരണം പൂർത്തിയാക്കിയശേഷം ദേശീയപാത 544യിൽ സിഗ്നൽ സംവിധാനങ്ങൾ, സർവിസ് റോഡുകൾ, നീരിക്ഷണ കാമറകൾ എന്നിവയൊക്കെ സജ്ജമായെങ്കിലും അപകടനിരക്ക് ഉയർന്നുതന്നെ തുടരുകയാണെന്ന് അധികൃതരും പറയുന്നു.
അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങും മത്സരയോട്ടവും സർവിസ് റോഡിൽനിന്നുള്ള അശ്രദ്ധമായ വാഹനങ്ങളുടെ കടന്നുകയറ്റവുമാണ് അപകടങ്ങൾക്ക് പിന്നിലെ പ്രധാന വില്ലനെന്ന് ഗതാഗതവകുപ്പ് അധികൃതർ പറയുന്നു. ആലമരം, സത്രപടി, പുതുശ്ശേരി പഞ്ചായത്ത്, പുതുശ്ശേരി ജങ്ഷൻ എന്നീ മൂന്നുഭാഗത്തും മേൽപ്പാലങ്ങൾ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനങ്ങൾ നൽകി കാത്തിരിപ്പ് തുടരുകയാണ്.
ഇതിനിടെയാണ് കഴിഞ്ഞദിവസം കഞ്ചിക്കോട് ദേശീയപാത പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം സിഗ്നൽ ജങ്ഷനിൽ ആറുവാഹനങ്ങൾ കൂട്ടിയിട്ടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിന് മുഖ്യ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പക്ഷം. രാവിലെ ഒമ്പതുമുതൽ 12 വരെയും, രാത്രി ആറുമുതൽ ഒമ്പതുവരെയുമാണ് അപകടങ്ങൾ ഭൂരിഭാഗവും ഉണ്ടാവുന്നത്.
ശബരിമല സീസണിൽ ദേശീയപാതയിൽ തിരക്ക് വർധിക്കുന്നത് പതിവാണ്. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലടക്കം ദീർഘദൂര തീർഥാടകർ കൂടുതലായും എത്തുന്നത് വാളയാർ ദേശീയപാതയിലൂടെയാണ്. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്കും സീസൺ ഡ്രൈവർമാർക്കും വിശ്രമിക്കാൻ ദേശീയപാതയുടെ വശങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. 2017ൽ വാളയാര്‍ നവക്കര റോഡിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയിലെ പൊലീസ് സ്റ്റേഷനുകള്‍ നടപ്പിലാക്കിയ രാത്രികാല കട്ടന്‍ചായ വിതരണ പദ്ധതിയും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.