നെന്മാറ: ആസ്വാദകർക്ക് വേലച്ചന്തത്തിന്‍റെ ഒരു നേർകാഴ്ച കൂടി നൽകി, നെന്മാറ വല്ലങ്ങി വേല അവിസ്മരണീയമായി. അവധി ദിനമായതിനാൽ വേല കാണാനെത്തിയവരാൽ വല്ലങ്ങിപ്പാടം നിറഞ്ഞിരുന്നു. അയൽജില്ലകളിൽനിന്നും മറുനാട്ടിൽനിന്നും പോലും ആയിരക്കണക്കിനുപേരെത്തി. രാവിലെ 11ഓടെത്തന്നെ ടൗണിൽ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു. പാർക്കിങ്ങ് ഗ്രൗണ്ടുകളിലും മറ്റും വേലക്കെത്തിയവരുടെ വാഹനങ്ങൾ നേരത്തേ സ്ഥലം പിടിച്ചിരുന്നു. എഴുന്നള്ളത്തിന് ദേശങ്ങളിൽ തുടക്കമായപ്പോൾ ഇമ്പമായി വാദ്യവും തുടങ്ങി.
നെന്മാറക്ക് ചോറ്റാനിക്കര വിജയനും കല്ലേക്കുളങ്ങര കൃഷ്ണവാരിയരും പഞ്ചവാദ്യത്തിൽ തുടക്കമിട്ടപ്പോൾ വല്ലങ്ങിദേശത്തിന്‍റെ പഞ്ചവാദ്യത്തിൽ പനങ്ങാട്ടിരി മോഹനനും കുനിശ്ശേരി അനിയനും ചേർന്ന് അതിശയം സൃഷ്ടിച്ചു. നെന്മാറയുടെ തിടമ്പേറ്റിയ പാമ്പാടി രാജനും വല്ലങ്ങിയുടെ തിടമ്പ് വഹിച്ച മംഗലാംകുന്ന് അയ്യപ്പനും ഇരു ദേശങ്ങളുടെയും പ്രൗഢ ഗംഭീര എഴുന്നള്ളത്തിന് നെടുനായകത്വം വഹിച്ചു.
ഇരുദേശങ്ങളിലെയും ആനപ്പന്തലുകളിൽ 11 വീതം ഗജരാജന്മാർ അണിനിരന്നതോടെ വേലക്കെത്തിയ ജനസഹസ്രങ്ങളുടെ ആവേശം ആരവമായി ഉയർന്നു. ഇതിനിടെ പാണ്ടിയിൽ കലാമണ്ഡലം ശിവദാസ് നെന്മാറയുടെയും മട്ടന്നൂർ ശങ്കരൻ കുട്ടി വല്ലങ്ങിയുടെയും മേളങ്ങളെ കൊഴുപ്പിച്ചു. കാവുകയറ്റം തുടങ്ങിയതോടെ രണ്ടുദേശങ്ങളുടെയും എഴുന്നള്ളത്തുകൾ മുഖാമുഖമെത്തിയതോടെ വർണക്കുടമാറ്റത്തിന്‍റെ കമനീയത ദൃശ്യമായി. കനത്ത വെയിലും ചൂടും മധ്യാഹ്നം വരെ തുടർന്നുവെങ്കിലും സായാഹ്നത്തോടടുത്തപ്പോൾ കാർമേഘം മൂടിയ കാലാവസ്ഥയുമായി. ഇതിനിടെ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനടുത്തും ടൗണിലും വല്ലങ്ങിപ്പാടത്തും മറ്റും പകൽവേല കാണാനായി ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. വെടിക്കെട്ട് നടക്കുന്ന പ്രദേശത്തും മറ്റും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. കാവിറങ്ങിയ ശേഷമുള്ള ഇരു ദേശങ്ങളുടെയും കരിമരുന്നു പ്രയോഗങ്ങൾ കാണാനായിരുന്നു പുരുഷാരം വല്ലങ്ങി പാടത്തെത്തിയത്. ഒന്നിനൊന്നു മെച്ചമെന്ന രീതിയിൽ വല്ലങ്ങിയും നെന്മാറയും കാഴ്ചവെച്ച പകൽ വെടിക്കെട്ടും ആരെയും നിരാശരാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.