മംഗലംഡാം/നെന്മാറ: നേർച്ചപ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി. നേർച്ചപ്പാറ തെള്ളിയിൽ ആന്റണി സെബാസ്റ്റ്യന്റെ (ആന്റോ) കൃഷിയിടത്തിലാണ് വ്യാഴാഴ്ച രാത്രി കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചത്. കുല ചാടിയ 50 വാഴകളുൾപ്പെടെ നൂറോളം വാഴകളും 10 കവുങ്ങുകളും നശിപ്പിച്ചു. കഴിഞ്ഞ മാസം നേർച്ചപ്പാറ-പൂതം കുഴിഭാഗങ്ങളിൽ ഒരാഴ്ചയോളം ജനങ്ങളെ ഭീതിയിലാഴ്ത്തി വിളകൾ നശിപ്പിച്ച കാട്ടാനകളെ വനം വകുപ്പ് ഏറെ പണിപ്പെട്ടാണ് നെല്ലിയാമ്പതി ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടത്. ജനവാസ മേഖലയിൽ കാട്ടാന വീണ്ടും എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
നേർച്ചപ്പാറയിൽ വിളനാശം വരുത്തിയ കൃഷിയിടത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധനനടത്തി. മേഖലയിൽ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഒരാഴ്ചയായി പുഞ്ചേരി, കൽച്ചാടി, കരിമ്പാറ, ചള്ള മേഖലകളിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. ഈ ഭാഗത്ത് കർഷകർ രാത്രി പടക്കം പൊട്ടിച്ച് കാവൽ ഇരുന്നതിനെത്തുടർന്നാണ് രണ്ട് കിലോമീറ്റർ അകലെയുള്ള നേർച്ച പാറയിൽ കാട്ടാനയിറങ്ങിയത്.
അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ കർഷക സംഘടനയായ കിഫയുടെ (കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അടിപ്പെരണ്ട വ്യാപാര ഭവനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം അടിപ്പെരണ്ട ജങ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് കർഷകർ പങ്കെടുത്തു.
പ്രതിഷേധയോഗം കിഫ റിസർച്ച് വിങ് മേധാവി ഡോ. സിബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. കിഫ ജില്ല സെക്രട്ടറി അബ്ബാസ് ഓറവഞ്ചിറ, ജില്ല ട്രഷറർ രമേശ് ചെവകുളം, ജില്ല കമ്മിറ്റി അംഗം ബെന്നി കിഴക്കേ പറമ്പിൽ, ബിനു തോമസ്, ബാബു തടികുളങ്ങര, പി.ജെ. അബ്രഹാം, സോമൻ കൊമ്പനാൽ, സണ്ണി കുമ്പളന്താനം, റെനി പനംകുറ്റി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.