പാലക്കാട്: ജില്ല വനിത-ശിശു ആശുപത്രിയിൽ പുതുതായി തുറന്ന ശുചിമുറികൾ ഉപയോഗശൂന്യമെന്ന് പരാതി. ദുരിതത്തിലായത് ഗർഭിണികൾ ഉൾപ്പടെയുള്ളവർ. രണ്ടാഴ്ച മുമ്പ് കുട്ടികളുടെ വാർഡ്, ഗൈനക് ആൻഡ് അന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, സ്പെഷൽ ന്യൂബോൺ കെയർ യൂനിറ്റ് എന്നിവിടങ്ങളിലായി 22 ശുചിമുറികൾ നവീകരിച്ച് തുറന്നു നൽകിയത്.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവൃത്തികൾ. എന്നാൽ, അശാസ്ത്രീയ നിർമാണം മൂലം ശുചിമുറിയിൽനിന്ന് വെള്ളം പുറത്ത് വരാന്തയിലേക്കും വാർഡുകളിലേക്കുമാണ് ഒഴുകുന്നത്.
ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിച്ചതിനാൽ ഫ്ലഷ് ടാങ്ക് ഉൾപ്പെടെ പൊട്ടുന്നതും പതിവായതോടെ നിലവിൽ ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. ക്ലോസറ്റുകൾക്ക് സീറ്റ് കവർ ഇല്ലാത്തതും വെന്റിലേറ്ററിൽ നെറ്റ് അടിക്കാത്തതും വീഴ്ചയായി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വെള്ളം പുറത്തേക്ക് ഒഴുകി തറയിൽ കെട്ടി നിൽക്കുന്നതുമൂലം ഗർഭിണികൾക്ക് അപകട സാധ്യത ഏറെയാണെന്ന് ജീവനക്കാർ പറയുന്നു. അതോടൊപ്പം ഓപറേഷൻ കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെ ഒരേ ശുചിമുറി ഉപയോഗിക്കുമ്പോൾ അണുബാധ സാധ്യതയുമുണ്ട്.
ശുചിമുറിയിലേക്കുള്ള സ്വിച്ച് ബോർഡുകളെല്ലാം കാലപ്പഴക്കത്തിലാണ്. ഏതുനിമിഷവും അപകടമുണ്ടാകുന്ന വിധത്തിലാണ് ഇവയുള്ളത്. ചുമരുകളും വിണ്ട് ശോച്യാവസ്ഥയിലാണ്. ചുമരിന്റെ മുകൾഭാഗത്തെ സിമന്റ് അടർന്നുപോയി കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ഇതിന് സമീപം മാലിന്യങ്ങളും നിറഞ്ഞിട്ടുണ്ട്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ് ശുചിമുറികൾ നിലനിൽക്കുന്നത്.
ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ. മാധവ വാര്യർ, ബോബൻ മാട്ടുമന്ത, എ. രമേഷ്, സുന്ദരൻ കാക്കത്തറ, പുത്തൂർ മണികണ്ഠൻ എന്നിവരാണ് സൂപ്രണ്ടിന് പരാതി നൽകിയത്. വിഷയം സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടിവ് എൻജിനീയർ, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.