പലാക്കാട്: ഒലവക്കോട്ടെ കലുങ്ക് നിർമാണത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതം തടസ്സം. ഒലവക്കോട് സായ് ജങ്ഷനും ഒലവക്കോട് ജങ്ഷനും ഇടയിൽ റോഡിനു കുറുകെയുള്ള കലുങ്ക് പുതുക്കിപ്പണിയുന്നതിനെ തുടർന്ന് ഗതാഗതം നിയന്ത്രണം കൊണ്ടുവന്നതോടെയാണ് പ്രതിസന്ധി. റോഡിന്റെ ഇരുഭാഗങ്ങളിലും കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ നിരയാണ്. ആംബുലൻസുകൾ ഉൾപ്പെടെയാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത്.
മണ്ണാർക്കാട്, മുണ്ടൂർ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങളുടെ നിര രണ്ടുകിലോമീറ്ററിനപ്പുറം പുതുപ്പരിയാരം പഞ്ചായത്ത് ഓഫിസ് പരിസരവും കടന്നു. മറുവശത്ത് പുതിയ പാലവും കടന്ന് നിര നീണ്ടു. ഒലവക്കോട് കാവിൽപാട് റോഡിലും ഗതാഗത സ്തംഭനം രൂക്ഷമാണ്. മിക്ക സ്വകാര്യബസുകൾക്കും സമയക്രമം പാലിക്കാൻ പറ്റുന്നില്ല.
സ്കൂൾ ബസുകളും കുരുക്കിൽപെട്ടു. രാവിലെ 9.30 മുതൽ 11.30 വരെയും വൈകീട്ട് 5.30 മുതൽ രാത്രി എട്ടുവരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് 20 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ആവശ്യത്തിന് ട്രാഫിക് പൊലീസിനെ നിയോഗിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ശേഖരീപുരം, സായ് ജങ്ഷൻ, കലുങ്ക് നിർമാണം നടക്കുന്ന സ്ഥലം, ഒലവക്കോട് ജങ്ഷൻ, ജൈനിമേട് എന്നിവിടങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ സുഗമമായി കടത്തിവിടാൻ കഴിയുന്നില്ല. നവംബറിൽ കലുങ്ക് നിർമാണം തുടങ്ങിയെങ്കിലും കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് നിർത്തിവെക്കുകയായിരുന്നു.
കലുങ്ക് നിർമാണം കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും. ഒലവക്കോട് ജങ്ഷൻ മുതൽ ശേഖരീപുരം ജങ്ഷൻ വരെ രാവിലെ എട്ടുമുതൽ 11വരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയുമാണു നിയന്ത്രണം. കൽമണ്ഡപം ഭാഗത്തുനിന്നുവരുന്ന ഹെവി വാഹനങ്ങൾ ഒഴികെയുള്ളവ പലാൽ, ശേഖരീപുരം ജങ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഗവ. വിക്ടോറിയ കോളജ്-ചുണ്ണാമ്പുതറ വഴി ഒലവക്കോട്ടേക്ക് പോകണം. ഒലവക്കോട് ഭാഗത്തുനിന്ന് കൽമണ്ഡപം ഭാഗത്തേക്കുപോകുന്ന എല്ലാ ചെറുവാഹനങ്ങളും ഒലവക്കോട്-കാവിൽപാട് റെയിൽവേ ഗേറ്റ്-ചുണ്ണാമ്പുതറ-വിക്ടോറിയ കോളജ് വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.