കല്ലടിക്കോട്: മണ്ണാർക്കാട് മേഖലയിൽനിന്ന് പുലർച്ചെ സർവിസ് നടത്തുന്ന ബസുകൾ കുറവായതോടെ വലഞ്ഞ് പ്രദേശവാസികൾ. പാലക്കാട് പട്ടണപ്രദേശങ്ങളിലും കഞ്ചിക്കോട് വ്യവസായ മേഖലയിലും മറ്റ് വിദൂരസ്ഥലങ്ങളിലും ജോലിക്കും പഠനത്തിനുമൊക്കെയായി ചിറക്കൽപ്പടിക്കും ഒലവക്കോടിനും ഇടക്കുളള നിരവധി ഗ്രാമങ്ങളിൽനിന്ന് ബസുകളിൽ യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. പുലർച്ചെ അഞ്ചിനും 5.30നുമിടയിൽ ആകെയുള്ള മൂന്നുബസുകളിൽ തിങ്ങിഞെരുങ്ങിയാണ് ഇവരുടെ യാത്ര.
കോഴിക്കോട് ഡിപ്പോയിൽനിന്ന് 5.10ന് കല്ലടിക്കോട് വഴി പോകുന്ന ടൗൺ ടു ടൗൺ ബസാണ് ആദ്യത്തെ സർവിസ്. പിറകെ അഞ്ചിന് മണ്ണാർക്കാട് നിന്ന് ട്രിപ്പ് ആരംഭിക്കുന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറും കോട്ടയം ബസും. കോയമ്പത്തൂർ, കോട്ടയം ബസുകളിൽ പ്രവൃത്തിദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി രാവിലെ അഞ്ചിനും 5.30 നും ഇടയിൽ പ്രവൃത്തിദിവസങ്ങളിൽ അഡീഷനൽ ബസ് സർവിസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഫാസ്റ്റ് ഉൾപ്പെടെ ബസുകളുടെ യാത്രാക്കൂലി നിജപ്പെടുത്തിയതിൽ ഇപ്പോഴും പോരായ്മകളുണ്ട്. കല്ലടിക്കോട് പ്രദേശത്ത് ഫെയർ സ്റ്റേജ് കാലികമായി പരിഷ്കരിച്ച് ഉത്തരവിറക്കണം. പുലാപ്പറ്റ മേഖലയിൽനിന്നും കല്ലടിക്കോട് മലയോര മേഖലയിൽ നിന്നുമുള്ള നിരവധി പേർ കല്ലടിക്കോട് മാപ്പിള സ്കൂൾ സ്റ്റോപ്പിൽനിന്ന് ബസുകളിൽ കയറുന്നു. ടൗൺ ടു ടൗൺ ബസിന് മണ്ണാർക്കാട് നിന്നുള്ള ഫെയർ സ്റ്റേജാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജ് പുതുക്കി നിശ്ചയിക്കുന്നതിലൂടെ പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.