ഒറ്റപ്പാലം: കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളിലെ കടമുറികൾ ഏറ്റെടുക്കാൻ ആളില്ലാതെ അടഞ്ഞുകിടക്കുന്നത് നഗരസഭക്ക് സാമ്പത്തിക ബാധ്യത കൂട്ടുന്നു. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ 112 കടമുറികളിൽ 63 ഉം കിഴക്കേ തോട്ടുപാളത്തിന് സമീപം മാർക്കറ്റ് കോംപ്ലക്‌സിലെ 37 കടമുറികളിൽ 19 ഉം വർഷങ്ങളായി ഏറ്റടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. പ്രതിമാസം 8.75 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് ഇതുമൂലം നഗരസഭക്കുള്ളത്.
നിർമാണത്തിനായി എടുത്ത വായ്പയുടെ മുതലും പലിശയും തിരിച്ചടക്കാൻ പാടുപെടുമ്പോഴാണ് വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങൾ പാഴാകുന്നത്. 21 കോടിയോളം രൂപ ചെലവിട്ട് നിർമിച്ച ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനായി കടമെടുത്ത വകയിൽ കോടികൾ ബാക്കിയുണ്ടെന്നാണ് വിവരം. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് കോർപറേഷനിൽ നിന്നാണ് വായ്‌പ. 2019 ഫെബ്രുവരി 22നായിരുന്നു ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം.
ഏറെ പ്രതീക്ഷയോടെ 2018 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ 16 കടമുറികളും ഒരു ഹാളും മാത്രമാണ് ആളുകൾ ഏറ്റെടുത്തത്. 2019 ജൂൺ 27ന് നടന്ന രണ്ടാം ഘട്ട ലേലത്തിൽ ആരും തിരിഞ്ഞുനോക്കിയതുമില്ല. 2020 ജൂൺ 27ന് നടന്ന ലേലത്തിൽ 17 പേരാണ് പങ്കെടുത്തത്. കടമുറികൾക്ക് ആവശ്യക്കാരെ ആകർഷിക്കാനായി ബസ് സ്റ്റാൻഡിന്റെ തെക്ക് ഭാഗത്ത് റോഡ് ടാറിടുകയും പാർക്കിങ് സ്ഥലം ഒരുക്കുകയും ചെയ്തത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ്. എന്നിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല.
നിക്ഷേപത്തുക വർധനവാണ് ലേലം കൊള്ളാൻ ആളെത്താത്തതിന് കാരണമെന്ന ആക്ഷേപം ആരംഭം തൊട്ടേ ഉയരുന്നുണ്ട്. പുതിയ ഭരണ സമിതി അധികാരമേറ്റ് മാസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ഒക്ടോബറിൽ നിക്ഷേപത്തുകയിൽ ഗണ്യമായ കുറവ് വരുത്തിയത്.
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ 15 മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപം നിശ്ചയിച്ചിരുന്നത് അഞ്ചു ലക്ഷമായും 10 - 15 ലക്ഷമുണ്ടായിരുന്നത് നാലു ലക്ഷമായും 10 ലക്ഷത്തിന് താഴെയുള്ളത് മൂന്നുലക്ഷമായുമാണ് കുറച്ചത്. ഇതിന് ശേഷം രണ്ടുഘട്ടങ്ങളിലായി നടന്ന ലേലത്തിൽ ഒരു ഹാളും 20 കടമുറികളും ആവശ്യക്കാർ ഏറ്റെടുത്തു. പിന്നീട് നേരിട്ടെത്തിയും മുറികൾ ഏറ്റെടുത്തവരുണ്ട്. ഇതിനും ശേഷമാണ് ഇത്രയും മുറികൾ ഒഴിഞ്ഞുകിടക്കുന്നത്. പതിറ്റാണ്ട് മുമ്പ് നിർമിച്ച മാർക്കറ്റ് കോംപ്ലക്സിലാണ് 19 മുറികൾ ഒഴിഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.