വടവന്നൂർ/ കോട്ടായി: മഴ മാറിയിട്ട് രണ്ടാഴ്ചയിലധികമായതോടെ കാർഷകർ ആശങ്കയിൽ. മുതലമട, കൊല്ലങ്കോട്, നെന്മാറ, എലവഞ്ചേരി, അയിലൂർ പ്രദേശങ്ങളിലുള്ള കർഷകർ കുളങ്ങളിൽ നിന്ന് ജലസേചനം നടത്തേണ്ട അവസ്ഥയിലാണ്. കുളങ്ങൾ ഇല്ലാത്ത കർഷകർ കുഴൽ കിണറുകളിൽ നിന്നും ജലസേചനം നടത്തി വളപ്രയോഗം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ചുള്ളിയാർ, മീങ്കര, പോത്തുണ്ടി ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതും കർഷകരെ പ്രതിസന്ധി യിലാക്കി. തുടർന്നും മഴ ലഭിച്ചില്ലെങ്കിൽ കൂടുതൽ ദുരിതത്തിലാകുമെന്ന് വടവന്നൂരിലെ കർഷകർ പറയുന്നു.
നടീൽ കഴിഞ്ഞ് ആഴ്ചകളായപ്പോൾ വെള്ളമില്ലാതെ വയലുകൾ വിണ്ട് കീറിയത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോട്ടായി, മാത്തൂർ, പെരിങ്ങോട്ടു കുറുശ്ശി മേഖലകളിലെ നൂറുക്കണക്കിന് കർഷകരാണ് ഒന്നാം വിള നെൽകൃഷി ഉണക്കു ഭീഷണിയിൽനിന്ന് രക്ഷപ്പെടുത്താനാകാതെ വലയുന്നത്. ഉടനെ മഴ ലഭിച്ചില്ലെങ്കിൽ കൃഷി മുഴുവനും നശിക്കും. മലമ്പുഴ ഡാമിൽനിന്ന് കനാൽ വഴി വെള്ളം വിടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ആലത്തൂർ: കാവശ്ശേരി കൃഷിഭവൻ പരിധിയിലെ മൂപ്പ് പറമ്പ് പാടശേരത്തിലെ നൂറ് ഏക്കറിലധികം നെൽകൃഷി ഉണക്ക് ഭീഷണിയിൽ. വെള്ളമില്ലാതെ കർക്കിടകത്തിൽ ഉണക്കത്തിലേക്ക് നീങ്ങുന്നത്. തുടക്കത്തിൽ വെള്ളമില്ലാതെയും തൊഴിലാളികളെ കിട്ടാതെയും നടീൽ നടത്താൻ വൈകിയ പാടശേഖരമാണ് മൂപ്പ് പറമ്പ്. എന്നാലിപ്പോൾ വീണ്ടും വെള്ളമില്ലാതെ വയലുകൾ കട്ട വിണ്ടുകീറി കഴിഞ്ഞു.
കർക്കടക മാസത്തിൽ ഉണങ്ങുന്നത് പാലക്കാട് നെൽകൃഷി മേഖലലയിൽ അപൂർവ സംഭവമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറുകിട നാമമാത്ര കർഷകർ ഏറെയുള്ള പ്രദേശമാണ് പാലക്കാട് ജില്ല. ദിവസങ്ങൾക്കകം മഴ ലഭിച്ചില്ലെങ്കിൽ കൃഷിയെ രക്ഷിക്കാൻ കഴിയില്ല. കൃഷിയിറക്കിയ സമയം മുതൽവയലുകളിൽ ആവശ്യത്തിന് വെള്ളം കുറവായത് കൊണ്ട് കളപറി ച്ചെടുക്കാനും കഴിഞ്ഞിട്ടില്ല. കള നിറഞ്ഞ വയലുകളില നെൽകൃഷി ഇപ്പോഴേ നശിച്ചു കഴിഞ്ഞു. ഇനി മഴ പെയ്താലും കളപറിച്ചെടുക്കാൻ കഴിയില്ല. യഥാസമയം തൊഴിലാളികളെ കിട്ടാത്തതും കൂലി ചെലവ് താങ്ങാൻ കഴിയാത്തതുമാണ് കാരണം. ഒന്നാം വിള നെൽ കൃഷിക്ക് വേണ്ട എല്ലാ സംരക്ഷണവും വളപ്രയോഗവും നടത്തിയ ശേഷം കർഷകന് പ്രതിഫലം തിരിച്ച് കിട്ടേണ്ട സമയത്താണ് നാശം വരുക. കുറെ വർഷങ്ങളായി ഇത് പതിവായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.