മംഗലംഡാം: കൂലിയും ഭക്ഷണവുമില്ലാതെ അന്തർ സംസ്ഥാന തൊഴിലാളികൾ പെരുവഴിയിൽ. മംഗലംഡാം കുഞ്ചിയാർ പതിയിലെ സ്വകാര്യ എസ്റ്റേറ്റിൽ രണ്ട് മാസമായി ജോലി ചെയ്തുവന്ന ഝാർഖണ്ഡ് സ്വദേശികളാണ് ശമ്പളവും ഭക്ഷണവും കിട്ടുന്നില്ലെന്ന പരാതിയുമായി മംഗലംഡാം പൊലീസിനെ സമീപിച്ചത്. ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ജില്ലുവ ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളുമടക്കം 23 പേരാണ് സംഘത്തിൽ. രണ്ട് ആഴ്ചയായി െചലവിന് പണമോ ഭക്ഷണസാധനങ്ങളോ ആവശ്യാനുസരണം കൊടുക്കാതായതിനെ തുടർന്ന് കുഞ്ചിയാർ പതി എസ്റ്റേറ്റിൽനിന്ന് ഇവരുടെ സാധനങ്ങളും കൈക്കുഞ്ഞുങ്ങളുമായി 20 കിലോമീറ്റർ കാൽനടയായി മംഗലം ഡാമിലെത്തുകയായിരുന്നു.
തോട്ടം ഉടമയിൽനിന്ന് ഒരാൾക്ക് 6000 രൂപ തോതിൽ മുൻകൂറായി കൈപ്പറ്റിയാണ് തൊടുപുഴ സ്വദേശിയായ ബസ് ഓപറേറ്റർ തൊഴിലാളികളെ കേരളത്തിലെത്തിച്ചത്. പുരുഷന്മാർക്ക് 400ഉം, സ്ത്രീകൾക്ക് 350ഉം ആണ് കൂലി നിശ്ചയിച്ചിരുന്നത്. തുടക്കത്തിലൊക്കെ ആഴ്ചയിൽ 500 രൂപ വെച്ച് െചലവ് കാശും ഭക്ഷണത്തിന് അത്യാവശ്യ സാധനങ്ങളുമൊക്കെ കൊടുത്തിരുന്നു. കുരുമുളക് പറിക്കൽ കഴിഞ്ഞതോടെ കന്നുകാലി, പന്നി ഫാമുകളിലെ ജോലിയാണ് ചെയ്തുപോന്നത്.
പൊലീസ് വിളിച്ചതനുസരിച്ച് എസ്റ്റേറ്റ് ഉടമയുടെ പ്രതിനിധി സ്റ്റേഷനിലെത്തി. കുരുമുളക് ഉണക്കലും മറ്റുമായി ഒരാഴ്ചത്തെ പണികൂടി ബാക്കിയുണ്ടെന്നും അത് കഴിഞ്ഞാൽ മുഴുവൻ പൈസയും കൊടുത്ത് നാട്ടിലേക്ക് വിടാമെന്ന് അറിയിച്ചിട്ടും അവർ തയാറായില്ലെന്ന് എസ്റ്റേറ്റ് പ്രതിനിധികൾ പറഞ്ഞു. തുടർന്ന് മംഗലംഡാം പൊലീസിെൻറ മധ്യസ്ഥതയിൽ കൂലി ബാക്കിയും രേഖകളും നൽകി സംഘം നാട്ടിലേക്ക് തിരിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികൾ എത്തിയ വിവരം സ്റ്റേഷനിൽ അറിയിക്കാത്തതിൽ തോട്ടം പ്രതിനിധിയെ താക്കീത് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.