കൊടുവായൂർ: ഉഷ്ണതരംഗത്തിലും ബസ് കാത്തുനിൽക്കാൻ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട്, വടവന്നൂർ, മുതലമട, എലവഞ്ചേരി, പെരുവെമ്പ് തുടങ്ങിയ പഞ്ചായത്തുകളിലാണ് മിക്ക പ്രദേശങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത്. ഇതുമൂലം ഉഷ്ണതരംഗത്തിലും വെയിലേറ്റ് തളർന്ന് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
എം.പി, എം.എൽ.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾ കൂടുതലുമാണ്. ഗ്രാമസഭകളിലും താലൂക്ക് വികസന സമിതി യോഗങ്ങളിലും നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകാറുണ്ടെങ്കിലും നടപടികൾ ഫയലിലാണ്. കൊടുവായൂർ ടൗണിൽ മാർക്കറ്റിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ ഓട്ടോ സ്റ്റാൻഡിനടുത്ത് പൊരി വെയിലത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
സമാനമായ രീതിയിലാണ് കൊടുവായൂർ സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം. ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുണ്ടെങ്കിലും ബസ്സുകൾ സ്റ്റാൻഡിനകത്ത് കയറാത്തതിനാൽ സ്റ്റാൻഡിനു മുന്നിൽ കൊടുംവെയിലത്ത് നിൽക്കേണ്ട അവസ്ഥ. കൊല്ലങ്കോട് ചിക്കണാമ്പാറ മാർക്കറ്റ് പ്രദേശത്തും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല. കുരുവിക്കൂട്ടുമരം, നെടുമണി, മാഞ്ചിറ, നണ്ടൻകിഴായ, വലിയ ചള്ള എന്നിവിടങ്ങളിലും കാത്തിരിപ്പ് കേന്ദ്രം ഇല്ല. ചില പ്രദേശങ്ങളിൽ ഒരു വശത്ത് കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും മറുവശത്ത് ഇല്ല. അഞ്ച് മിനിറ്റ് വെയിലേറ്റാൽ പോലും സൂര്യാതപം ഏൽക്കുന്ന കഠിനമായ ചൂടിൽ ബസ് കാത്തുനിൽക്കാൻ സാധിക്കാതെ തളരുന്ന യാത്രക്കാരുണ്ടെന്ന് കൊടുവായൂർ സ്വദേശിനി തങ്കമണിയമ്മ പറയുന്നു. സർക്കാർ അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.