പാലക്കാട്: രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്തുന്നതും നാം പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 76ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി മുന്നേറുന്ന സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2016ല്‍ ആരംഭിച്ച ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആകെ 3,42,156 വീടുകളുടെ നിർമാണം പൂര്‍ത്തിയായി. 900ല്‍ അധികം സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത് ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2050 ഓടുകൂടി കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സര്‍ക്കാർ ലക്ഷ്യം.
ഈ സര്‍ക്കാറിന്റെ കാലത്ത് 534.5 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ 130 സ്കൂള്‍ കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷം കൊണ്ട് മൂന്ന് പ്രധാന ഐ.ടി പാര്‍ക്കുകളിലായി സര്‍ക്കാര്‍ സൃഷ്ടിച്ചത് 22,650 തൊഴിലവസരം. വിദേശസഞ്ചാരികളുടെ വരവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 51 ശതമാനം വര്‍ധനയുണ്ടായി. മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നു. 2025ഓടെ ദേശീയപാത വികസനം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
വി.കെ. ശ്രീകണ്ഠന് എം.പി, പാലക്കാട് നഗരസഭ ചെയര്പേഴ്സൻ പ്രിയ അജയന്, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൊലീസ് വിഭാഗത്തില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന് 2 പാലക്കാട് ഒന്നും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് രണ്ടും സ്ഥാനം നേടി. അണ് ആംഡ് വിഭാഗത്തില്‍ കേരള അഗ്നിരക്ഷാസേന പാലക്കാട്, കേരള എക്സൈസ് പാലക്കാട് എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി. എന്‍.സി.സി വിഭാഗത്തില്‍ മേഴ്സി കോളജ് 27 കെ ബറ്റാലിയന് എന്‍.സി.സി സീനിയര്‍ വിങ് ഗേള്‍സ്, ഒറ്റപ്പാലം 28 കെ ബറ്റാലിയന് എന്‍.സി.സി ഗേള്‍സ് ആന്‍ഡ് ബോയ്സ് എന്നിവര്‍ ഒന്നും പാലക്കാട് ഗവ. വിക്ടോറിയ കോളജ് 27 കെ ബറ്റാലിയന് സീനിയര്‍ വിങ് ഗേള്‍സ് ആന്‍ഡ് ബോയ്സ് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് ബോയ്സ് വിഭാഗത്തില്‍ കോട്ടായി ജി.എച്ച്.എസ്.എസ് ഒന്നും ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ തത്തമംഗലം ജി.എച്ച്.എസ്.എസ്, പാലക്കാട് ഗവ.മോയന്‍ ജി.എച്ച്.എസ്.എസ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. സ്കൗട്ട്സ് വിഭാഗത്തില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് ഒന്നും മൂത്താന്തറ കര്‍ണകിയമ്മന്‍ ഹൈസ്കൂള്‍ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തില്‍ പാലക്കാട് ഗവ. മോയന്‍ ജി.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം സ്കൂള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ബാന്‍ഡ് വിഭാഗത്തില്‍ പാലക്കാട് കാണിക്കമാത എച്ച്.എസ്.എസ് പാലക്കാട്, കണ്ണാടി എച്ച്.എസ്.എസ് എന്നിവ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. സിവില്‍ ഡിഫന്‍സ് ടീം പാലക്കാട് അണ്ടര്‍ ഫയര്‍ഫോഴ്സ്, ജൂനിയര്‍ റെഡ്ക്രോസ് പാലക്കാട്, ഗവ മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് സ്റ്റുഡന്റ്സ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വിജയികള്‍ക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ട്രോഫികള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.