കോട്ടായി: റവന്യൂ വകുപ്പിന്റെ 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും വില്ലേജ് ഓഫിസ് പ്രവർത്തനം തുടങ്ങിയില്ല.
കോട്ടായി പഞ്ചായത്തിലെ കോട്ടായി നമ്പർ 1- വില്ലേജ് ഓഫിസാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസമായിട്ടും പൂട്ടിയിട്ടിരിക്കുന്നത്. 2024 ഫെബ്രുവരി മൂന്നിനാണ് വില്ലേജ് ഓഫിസ് റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തത്. ഓഫിസിൽ ഫർണീച്ചറുകൾ എത്തിക്കാത്തതാണ് തുറക്കാത്തതിന്റെ കാരണമെന്ന് പറയുന്നു. ഓഫിസ് നിർമാണച്ചുമതല ജില്ല നിർമിതി കേന്ദ്രക്കായിരുന്നു. ഇവർ തന്നെയാണ് ആവശ്യമായ ഫർണീച്ചറുകൾ എത്തിക്കേണ്ടത്. ഇവർ എത്തിച്ചില്ലെന്നും ഫർണീച്ചർ എത്തിക്കാൻ ടെൻഡർ ക്ഷണിച്ചപ്പോൾ സർക്കാറിന്റെ സാമ്പത്തിക ക്ഷാമത്തിൽ പണം ലഭിക്കാൻ വൈകുമെന്ന് ഭയന്ന് ടെൻഡർ എടുക്കാൻ കരാറുകാർ എത്തിയില്ലെന്നും പറയുന്നു. അതിനുപുറമെ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ വില്ലേജ് ഓഫിസ് അധികൃതർക്ക് കൈമാറിയിട്ടു പോലുമില്ലെന്നാണ് പറയുന്നത്. പഴകി ദ്രവിച്ച് തകർച്ചാഭീഷണിയിലായ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തനം. വേഗം തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും പി.പി. സുമോദ് എം.എൽ.എ ഇക്കാര്യത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി കോട്ടായി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.