പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ

ടിക്കറ്റ് നൽകാത്ത ബസുകളെ വലയിലാക്കാൻ ഓപറേഷൻ ഫെയർ

പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സർവിസ് നടത്തുന്ന ബസുകളെ പിടികൂടാൻ മോട്ടർ വാഹന വകുപ്പിന്റെ ‘ഓപറേഷൻ ഫെയർ’ പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് താലൂക്കുകളിലായി ബസുകളിൽ നടത്തിയ പരിശോധനയിൽ 153 കേസുകളിലായി 1,71,250 രൂപ പിഴയീടാക്കി.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. പിടികൂടിയ ബസുകളിൽനിന്ന് 1000 മുതൽ 2000 രൂപ വരെ പിഴയീടാക്കി. മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശയും നൽകിയതായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു.

ഡിസംബറിൽ ബസ് സംഘടന ഭാരവാഹികളുമായി മോട്ടർ വാഹന വകുപ്പ് ചർച്ച നടത്തിയിരുന്നു. നിയമം ലംഘിച്ച് സർവിസ് നടത്തുന്ന ബസുകൾക്കെതിരെ ജനുവരിക്കുശേഷം നടപടിയുണ്ടാകുമെന്ന് യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച്, നിയമം ലംഘിച്ച് വീണ്ടും സർവിസ് തുടർന്നതോടെയാണ് മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിൽ പലയിടത്തും പരിശോധനക്ക് ഇറങ്ങിയതോടെയാണ് ടിക്കറ്റ് നൽകാത്ത ബസുകൾ പിടിയിലായത്. ചിലയിടങ്ങളിൽ പരിശോധന മുൻകൂട്ടി അറിഞ്ഞ് ടിക്കറ്റ് നൽകിയെങ്കിലും ഇതിലും അപാകത കണ്ടെത്തി. സീലും ബസിന്റെ നമ്പറും മറ്റും രേഖപ്പെടുത്താത്ത ടിക്കറ്റുകളാണ് നൽകിയതെന്ന് അധികൃതർ പറഞ്ഞു.

ബുധനാഴ്ച പട്ടാമ്പി താലൂക്കിലും വ്യാഴാഴ്ച പാലക്കാട് താലൂക്കിലുമായിരുന്നു പരിശോധന. കുറഞ്ഞ ദൂരം യാത്ര ചെയ്യാൻ അധിക തുകയുടെ ടിക്കറ്റ് നൽകിയ കണ്ടക്ടർമാർക്കെതിരെയും നടപടിയെടുത്തു.ഇതിന് പുറമെ വാതിൽ തുറന്നിട്ട് സർവിസ് നടത്തിയ ബസുകൾക്കെതിരെ പിഴ ചുമത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരിൽനിന്ന് 500 രൂപ പിഴയീടാക്കാനും നിയമമുണ്ടെന്ന് ആർ.ടി.ഒ പറഞ്ഞു. വരുംദിവസങ്ങളിൽ മറ്റു താലൂക്കുകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.  

Tags:    
News Summary - Operation Fair to net ticketless buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.