സമ്പൂർണ ഡിജിറ്റലിലാകാൻ ഒരുങ്ങുമ്പോഴും സ്വകാര്യ ഇ-സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തോന്നുംപടി

പാലക്കാട്: സമ്പൂർണ ഡിജിറ്റലിലേക്ക് മാറാൻ ഒരുങ്ങുമ്പോഴും ജില്ലയിലെ സ്വകാര്യ ഇ-സേവനങ്ങൾ തോന്നുംപടി. ഇത്തരം കേന്ദ്രങ്ങളെപ്പറ്റി പരാതി വ്യാപകമാകുകയാണ്. സർക്കാറും ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ഡിജിറ്റലിലേക്ക് മാറുന്നതിന്‍റെ ജില്ലതല ഉദ്ഘാടനം കഴിഞ്ഞദിവസം വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചതോടെ പദ്ധതിയുടെ ഒരുക്കങ്ങൾ തകൃതിയായി. ഇതിനിടയിലാണ് ചില ഓൺലൈൻ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുന്നതായും സേവനങ്ങൾക്ക് അമിത് നിരക്ക് വാങ്ങുന്നതായും പരാതി ഉയരുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായും മാറ്റിയതോടെ ഇ-സേവന കേന്ദ്രങ്ങൾ ഗണ്യമായ വർധിച്ചു. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്ക് ഇ ഡിസ്ട്രിക്ട് സേവനം നൽകാനാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തിരക്ക് കാരണം അക്ഷയ കേന്ദ്രങ്ങളോട് സമാനമായ ബോർഡും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ എത്തുന്നവരാണ് പലപ്പോഴും തട്ടിപ്പിന് ഇരയാവുന്നത്.

കോമൺ സർവിസ് കേന്ദ്രങ്ങളുടെ മറവിലാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം. സ്വകാര്യ അക്ഷയ കേന്ദ്രങ്ങൾക്ക് അനുമതി നൽകരുതെന്ന ഐ.ടി മിഷന്‍റെയും സർക്കാറിന്‍റെയും നിർദേശം നിലനിൽക്കവെയാണ് സ്വകാര്യ ഇ-കേന്ദ്രങ്ങൾ പെരുകുന്നത്.

ഇന്‍റർനെറ്റ്, കഫേ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് തടസ്സമില്ലെങ്കിലും അക്ഷയ കേന്ദ്രങ്ങളിലേതുപോലെ സർക്കാർ സേവനങ്ങൾ നൽകുന്നതിന് അനുമതിയില്ല. കമ്പ്യൂട്ടർ, ഇൻറർനെറ്റ് സൗകര്യമുള്ള കുടുംബങ്ങൾക്ക് വ്യക്തിഗതമായി ഇ-സേവനം ഉപയോഗപ്പെടുത്താം. ഒരു കുടുംബത്തിലെ അഞ്ച് വ്യക്തികൾക്കുവരെ ഈ സേവനം ഉപയോഗപ്പെടുത്താം. ഈ സൗകര്യം ദുരുപയോഗം ചെയ്താണ് പല സ്വകാര്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതെന്ന് അക്ഷയ സംരംഭകർ ആരോപിക്കുന്നു. അക്ഷയകേന്ദ്രങ്ങളിൽ നിലവിൽ വിവിധ സേവനങ്ങളും, അവയക്ക് ഈടാക്കുന്ന നിരക്കും പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്.

സ്വകാര്യ മേഖലയലിൽ ഓരോ കേന്ദ്രങ്ങളും നൽകുന്ന സേവനങ്ങളും അവയുടെ നിരക്കും പ്രദർശിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. വിവിധ മേഖല‍കളിൽ ഓൺലൈൻ സംവിധാനം വർധിച്ചതോടെ ഇതിന്‍റെ നേട്ടം കൊയ്യുന്നത് ഇത്തരം അനധികൃത സ്വകാര്യ കേന്ദ്രങ്ങളാണ്. ഓരോ പഞ്ചായത്തിലും ജനസംഖ്യ അടിസ്ഥാനത്തിൽ മൂന്നുമുതൽ നാലുവരെ അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ 240ഓളം അക്ഷയ കേന്ദ്രങ്ങളാണുള്ളത്.

Tags:    
News Summary - Operation of private e-Service Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.