പാലക്കാട്: അമിത ശബ്ദവുമായി കുതിക്കുന്ന വാഹനങ്ങളെ തടയാൻ 'ഓപറേഷന് സൈലന്‍സി'ൽ ജില്ലയിൽ 60 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടിക്കാനാണ് ഓപറേഷന് സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറങ്ങിയത്. സംസ്ഥാനത്താകമാനം ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലും പരിശോധന കർശനമാക്കി. രണ്ടു ദിവസങ്ങളലായി നടന്ന പരിശോധനയിൽ 60 കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കി.
39 ഇരുചക്ര വാഹനങ്ങളിൽനിന്ന് 2.43 ലക്ഷവും 21 മറ്റ് വാഹനങ്ങളിൽ നിന്നുമായി 57,000 രൂപയുമാണ് പിഴ ഈടാക്കിയത്. ഫെബ്രുവരി 14 മുതല്‍ 18 വരെയാണ് പ്രത്യേക പരിശോധന നടക്കുക. ഹെഡ് ലൈറ്റ് തീവ്രപ്രകാശമുള്ളതാക്കുന്നത്, ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്, വാഹനങ്ങളിലെ മറ്റു ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയവക്കെതിരെയും നടപടിയെടുക്കും.
ക്രമക്കേട് കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ വാഹന ഉടമയുടെ, ഡ്രൈവറുടെ ചെലവില്‍ പരിഹരിക്കാനാണ് നിര്‍ദേശം. സൈലന്‍സര്‍ രൂപംമാറ്റത്തിന് 5000 രൂപയാണ് പിഴ, എയര്‍ ഹോൺ ഘടിപ്പിച്ചാല്‍ 2000 രൂപയും ടയര്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് 5000 രൂപയുമാണ് പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ. ജയേഷ്കുമാറിന്റെ നേതൃത്വത്തിൽ ഏഴ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
ലൈസൻസില്ലാത്തതിന് 12 കേസുകൾ
പാലക്കാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ ജോലി ചെയ്ത 12 കണ്ടക്ടറെ പിടികൂടി. നിരോധിത പുകയില വസ്തുക്കളുമായി കെ.എസ്.ആർ.ടി.സി ഡ്രൈവറും പിടിയിലായി. അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലാണ് പാൻമസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ദീർഘദൂര ബസുകളിലെ ഡ്രൈവർമാരാണ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്. രാത്രി ഉറങ്ങാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതാണ് ഡ്രൈവർമാരുടെ വിശദികരണം. എന്നാൽ, ഇവ തുടർച്ചയായി ഉപയോഗിച്ചാൽ ഉറക്കം വരാൻ സാധ്യതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. രാത്രി ദേശീയപാതയിൽ ഗതാഗത നിയമം പാലിക്കാതെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ബോധവത്കരണം നടത്തുന്നതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിനുശേഷമാണ് ദേശീയപാതയിൽ രാത്രി പരിശോധന കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.