ഒറ്റപ്പാലം: നഗരസഭയിലെ ജലവിതരണം ലക്ഷ്യമിട്ട് സ്ഥാപിച്ച പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ കുടിശ്ശികയുള്ളതിന്റെ 10 ശതമാനം തുക അടക്കാനും നിലവിലെ 577 പൊതുടാപ്പുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് ജല അതോറിറ്റിക്ക് കത്ത് നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. വെള്ളക്കരം ഇനത്തിൽ കോടികളുടെ ബാധ്യത വരുത്തിവെച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരിൽ ഒരു വിഭാഗം വിയോജനക്കുറിപ്പ് നൽകി കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. 2009 മുതൽ പൊതുടാപ്പുകൾ പ്രവർത്തിപ്പിച്ച ഇനത്തിൽ 13,54,30,524 രൂപയാണ് കുടിശ്ശികയുള്ളത്.
ഇതിൽ പലിശയും പിഴപ്പലിശയും ഒഴിവാക്കി 6,46,12,603 രൂപയായി കുറവ് വരുത്തിയിരുന്നു. ആംനസ്റ്റി വഴി ഒറ്റത്തവണയായി അടക്കുന്നപക്ഷം 4,76,90,286 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി എക്സി. എൻജിനീയർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിലിൽ വിഷയം അവതരിപ്പിച്ചത്. ഇതിന്റെ പത്ത് ശതമാനം മാർച്ച് 31നകം അടക്കാനും ബാക്കി തുക ഒഴിവാക്കി കിട്ടുന്നതിന് അപേക്ഷ സമർപ്പിക്കാനും ലക്ഷ്യമിട്ടാണ് അടിയന്തര കൗൺസിൽ വിളിച്ചതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
അജണ്ടയിൽ വ്യക്തത ഇല്ലാത്തതും ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കാത്തതുമാണ് വിയോജനക്കുറിപ്പിന് കാരണമെന്ന് മുസ്ലിം ലീഗ് കൗൺസിലർമാരായ ഫൗസിയ ഹനീഫ, നുഷി നൈസാം, ആമിന സമീർ, സ്വതന്ത്ര മുന്നണി സ്ഥാനാർഥി സതീദേവി എന്നിവർ നൽകിയ വിയോജനക്കുറിപ്പിൽ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട രേഖകളും കണക്കുകളും സംബന്ധിച്ച വിവരങ്ങൾ കൗൺസിലർമാരെ അറിയിച്ചിട്ടില്ലെന്നും നഗരസഭയും ജല അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തി മാത്രമേ തുക അനുവദിക്കാവൂ എന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി കൗൺസിലർ സജിത്തിന്റെ വിയോജനക്കുറിപ്പ്.
പൊതുടാപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് 577 എണ്ണം അടച്ചുപൂട്ടാനുള്ള തീരുമാനം.ഈ ടാപ്പുകളുടെ വാർഷിക വെള്ളക്കരം ഇനത്തിൽ നഗരസഭ വഹിക്കേണ്ടിവരുന്നത് 1.20 കോടി രൂപയാണെന്നും പൈപ്പ് വെള്ളം ആശ്രയിക്കുന്നവർക്ക് വ്യക്തിഗത കണക്ഷൻ ലഭിക്കുന്നത് വരെ പൈപ്പ് വെള്ളം സൗജന്യമായി ലഭ്യമാക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.