ശ്രീകൃഷ്ണപുരം: അടിത്തട്ടിലെ ദൗർബല്യമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്നും രോഗമറിഞ്ഞുള്ള ചികിത്സയാണ് ഇതിന് പരിഹാരമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. കോൺഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാൻ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി(സി.യു.സി)കൾക്ക് കഴിയും. രോഗമറിഞ്ഞുള്ള ചികിത്സയാണിത്. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി ഇറക്കിങ്ങലിൽ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പാലം മണ്ഡലത്തിലെ കരിമ്പുഴ പഞ്ചായത്തിലെ രണ്ടാം ബൂത്തായ ആറ്റാശ്ശേരി ഇറക്കിങ്ങൽ യൂനിറ്റ് രൂപവത്കരിച്ചു കൊണ്ടാണ് സി.യു.സി സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
ഈതൊരു തുടക്കമാണ്. സംസ്ഥാനത്ത് മുഴുവൻ പഞ്ചായത്തുകളിലും ട്രയൽ നടത്തിക്കഴിഞ്ഞു. പ്രായഭേദമന്യേ ലക്ഷങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. അടിത്തട്ട് ഭദ്രമാകുന്നതോടെ പ്രവർത്തകരുടെ സ്വപ്നത്തിന് സാക്ഷാത്കാരം ലഭിക്കും. ഒക്ടോബർ രണ്ടിന് 1500 സി.യു.സികൾ നിലവിൽ വരും. 100 വർഷം മുമ്പ് കേരളത്തിൽ കോൺഗ്രസിന്‍റെ ആദ്യ സംസ്ഥാന യോഗവും സമ്മേളനവും നടന്നത് ഒറ്റപ്പാലത്താണ്. അന്ന് നടന്ന യോഗങ്ങൾ രാഷ്ട്രീയ അസ്തിത്വത്തിനായിരുന്നെങ്കിൽ ഇന്ന് കോൺഗ്രസിന്‍റെ അസ്തിത്വത്തിന് വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ യൂനിറ്റ് പ്രസിഡന്‍റായി ഹരിദാസൻ പാണ്ടികശാലയെയും സെക്രട്ടറിയായി ശിഹാബുദ്ദീനെയും ട്രഷററായി സുമ നായപ്പുള്ളിയെയും തിരഞ്ഞെടുത്തു. യൂനിറ്റിലെ മുതിർന്ന അംഗം ഹംസ പതാക ഉയർത്തി. ബൂത്ത് കമ്മിറ്റി പ്രതിനിധികളായി അബ്ദുൽ അസീസ്, സി.ടി.സുബൈർ എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ കോ-ഓർഡിനേറ്ററും കെ.പി.സി.സി സെക്രട്ടറിയുമായ പി. ഹരിഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂനിറ്റ് കമ്മിറ്റി രൂപവത്കരിച്ചത്. സംസ്ഥാന തല പ്രഖ്യാപന യോഗത്തിൽ എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, രമ്യ ഹരിദാസ് എം.പി, പി.എ. തങ്ങൾ, പി. ഹരിഗോവിന്ദൻ മാസ്റ്റർ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി.തോമസ്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ്, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. രാമകൃഷ്‌ണൻ മാസ്റ്റർ, കരിമ്പുഴ മണ്ഡലം പ്രസിഡന്‍റ് പി. അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.