ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റത്തിനുതകുന്ന പുതിയ കെട്ടിടം ഉദ്ഘാടനം കാത്തുകഴിയുന്നു. ലിഫ്റ്റ് സംവിധാനമുള്ള മൂന്ന് നിലകെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിടുന്ന വേളയിലും ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പാണ്. ഉദ്ഘാടനം എന്ന് നടക്കുമെന്ന് കൃത്യമായ ഉത്തരം അധികൃതർക്കില്ല. കിഫ്ബി പദ്ധതിയിൽ 10.65 കോടി രൂപ ചെലവിട്ടാണ് 17,000 ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടം പൂർത്തിയാക്കിയത്.
കെട്ടിട ഉദ്ഘാടനം സംബന്ധിച്ച ആലോചനകൾ നടക്കുമ്പോഴാണ് ലോക്സഭ തെരഞ്ഞെടുപ്പ് എത്തുന്നത്. ഇതോടെ പെരുമാറ്റചട്ടം വില്ലനായി. വീണ്ടുമൊരു ശ്രമം നടക്കുന്നത്തിനിടയിലാണ് ഉപതെരഞ്ഞെടുപ്പ്. ജില്ലയിൽ മൊത്തമാകെ പെരുമാറ്റച്ചട്ടം ബാധകമായതിനാൽ ഉദ്ഘാടനം വീണ്ടും അനിശ്ചിതത്വത്തിലായി. ആരോഗ്യമന്ത്രി ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ ഒഴിവുകൂടി പരിഗണിക്കേണ്ടതുണ്ട്. അത്യാഹിത വിഭാഗം, സി.ടി, എക്സ്റേ, മിനി ഓപറേഷൻ തിയറ്റർ എന്നിവ താഴത്തെ നിലയിലാണ് പ്രവർത്തിക്കുക.
ഒ.പി, വിവിധ ലാബുകൾ എന്നിവ രണ്ടും മൂന്നും നിലകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി വളപ്പിൽ പഴയതും പുതിയതുമായി ഏതാനും കെട്ടിടങ്ങളിലായാണ് നിലവിൽ ആശുപത്രിയുടെ പ്രവർത്തനം. ആശുപത്രിയിൽ ഏർപ്പെടുത്തിയ പാർക്കിങ് ഏരിയ എടുത്തുപറയേണ്ട വികസനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.