ഒറ്റപ്പാലം: പ്രതിസന്ധികളെ തരണം ചെയ്തും രണ്ടാം വിള ഇറക്കിയ മേഖലയിലെ നെൽപ്പാടങ്ങളിൽ ഓലചുരുട്ടി പുഴുശല്യം രൂക്ഷം. രണ്ടും മൂന്നും തവണ കീടനാശിനി പ്രയോഗം നടത്തിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. മരുന്ന് തളിച്ചിട്ടും നശിക്കാത്ത ഓലചുരുട്ടി പുഴുവിന് ഇനിയെന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് പരമ്പരാഗത നെൽകർഷകരും. നെൽചെടികൾ നിറം മാറുകയും ഓലയുടെ അഗ്രങ്ങൾ മുറിഞ്ഞ് വളർച്ച മുരടിക്കുന്നതുമാണ് ഓലചുരുട്ടി പുഴുവിന്റെ ലക്ഷണം. തുടർന്ന് നെൽച്ചെടി അപ്പാടെ നശിക്കുകയും ചെയ്യും.
എക്കാലക്സ് ഉൾപ്പടെയുള്ള നിരവധി കീടനാശിനികൾ മാറി മാറി പ്രയോഗിച്ചിട്ടും പുഴുശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാത്തതാണ് കർഷകരെ കുഴപ്പിക്കുന്നത്. ഓലചുരുട്ടി പുഴുശല്യത്തിന് പുറമെ മേഖലയിലെ ചില പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ, മഞ്ഞളിപ്പ് ബാധ എന്നിവ അനുബന്ധ ദുരിതങ്ങളാണ്.
ഓണം പിന്നിട്ടതോടെ മുളപ്പിച്ച് നടീൽ പൂർത്തിയാക്കിയ വയലുകളിലും പുഴുശല്യം പ്രകടമാണ്. കാലം തെറ്റിപെയ്യുന്ന മഴയും മൂടിയ അന്തരീക്ഷവുമാണ് ഓലചുരുട്ടി പുഴുവിന്റെ വ്യാപനത്തിന് കാരണമെന്ന് തോട്ടക്കര പാടശേഖര സമിതി മുൻ ഭാരവാഹി അതിയാരത്ത് പ്രഭാകരൻ നായർ പറയുന്നു.
മഞ്ഞുമൂടിയ അന്തരീക്ഷം പുഴുശല്യത്തെ തടയിടാൻ സഹായകമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുഴുശല്യം പ്രതിരോധിക്കാൻ കീടനാശിനിയിൽ ഞാറ് മുക്കി നടുന്ന പതിവ് പണ്ടുകാലത്തുണ്ടായിരുന്നു. എന്നാൽ ഇതര സംസഥാന തൊഴിലാളികളെ നടീലിന് പാടത്ത് ഇറക്കിയതോടെ ഇതിനുള്ള അവസരവും നഷ്ടമായി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് മരുന്നിൽ മുക്കിയുള്ള നടീലിന് സമയവുമില്ലാതായി. പുഴുശല്യത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ രംഗത്ത് വരണമെന്നതാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.