ഒറ്റപ്പാലം: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടിയിൽ. നാദിയ ജില്ലയിലെ സഫർപൂർ സ്വദേശി ബിശ്വനാഥ് മിസ്ത്രിയെയാണ് (36) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപം രാധ ക്ലിനിക് എന്ന സ്ഥാപനം തുറന്ന് മാസങ്ങളായി മൂലക്കുരു ചികിത്സ നടത്തിവരുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയുർവേദ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ചികിത്സക്ക് വേണ്ട ഒരു യോഗ്യതയും ഇല്ലെന്ന് കണ്ടെത്തുകയും ഒറ്റപ്പാലം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഇയാൾ 15 വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലിനിക്ക് തുറന്ന് ആയുർവേദം, അലോപ്പതി ചികിത്സകൾ നടത്തുകയായിരുന്നെന്നും പ്ലസ് ടു തോറ്റയാളാണെന്നും പൊലീസ് പറഞ്ഞു. സി.ഐ ബാബുരാജ്, എസ്.ഐ ശിവശങ്കരൻ, എ.എസ്.ഐ രാജനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.