ഒറ്റപ്പാലം: വാതിൽപടി വിതരണ കരാർ റദ്ദാക്കിയ സപ്ലൈകോ മാനേജിങ് ഡയറക്ടറുടെ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. ഭക്ഷ്യ സാധനങ്ങൾ റേഷൻ കടകളിൽ എത്തിക്കാൻ കരാറിൽ രേഖപ്പെടുത്തിയ വാഹനങ്ങൾ ഉപയോഗിക്കണമെന്നും മറ്റു വാഹനങ്ങൾ ഉപയോഗിക്കുന്ന പക്ഷം അതിന് സപ്ലൈകോ അധികൃതരുടെ അനുമതി വാങ്ങണമെന്നും കോടതി നിർദേശിച്ചു.
ഒരു മാസത്തേക്കാണ് ഹൈകോടതി ജഡ്ജി എൻ. നഗരേഷ് സ്റ്റേ ഉത്തരവ് നൽകിയത്. വാതിൽപടി വിതരണത്തിന് കോതകുറുശ്ശി സ്വദേശി പ്രവീൺ സപ്ലൈകോയുമായി കരാറിലായത് ഒക്ടോബറിലാണ്. സ്ഥിരമായി ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിച്ചിരുന്ന ലോറികൾ ഒഴിവാക്കി ഇദ്ദേഹം സ്വന്തമായി വാഹനം ഇതിനായി ഏർപ്പാടാക്കിയിരുന്നു.
തൊഴിൽ നഷ്ടം ആരോപിച്ച് ഇതിനെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കരാറുകാരൻ നേരേത്ത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. തുടർന്നും സമരവും അറസ്റ്റും തുടരുന്നതിനിടയിലാണ് കരാറിൽ പറയാത്ത വാഹനങ്ങളിലാണ് സാധനങ്ങൾ കടത്തുന്നതെന്ന സപ്ലൈകോ ഉദ്യോഗസ്ഥെൻറ റിപ്പോർട്ടിൽ സപ്ലൈകോ മാനേജിങ് ഡയറക്ടർ കരാർ റദ്ദാക്കിയത്. ഇതിനെതിരെയാണ് കരാറുകാരൻ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.