ഒറ്റപ്പാലം: വേനലിൽ തകർന്ന് കിടന്ന പാതയുടെ അറ്റകുറ്റപ്പണിക്ക് അധികൃതർ മുഹൂർത്തം കുറിച്ചത് മഴ നാളുകളിൽ. ശനിയാഴ്ച പാതയുടെ തകർന്ന ഭാഗങ്ങളിൽ ക്വാറി മിശ്രിതം ഇട്ടതിന് പിറകെ പെയ്ത മഴയിൽ മിശ്രിതം ഒലിച്ചുപോയി വീണ്ടും റോഡ് പഴയപടിയായി. കണ്ണിയംപുറം മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ പോകുന്ന തൃക്കങ്ങോട് പാതയുടെ റീ ടാറിങ്ങിന്റെ ഭാഗമായി പരത്തിയ ക്വാറി മിശ്രിതമാണ് മഴയിൽ ഒലിച്ചുപോയത്. എട്ട് മാസമായി പാത തകർന്ന നിലയിൽ തുടരുകയാണ്.
അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് റോഡിന്റെ കുറുകെയും വലിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനായി പാതയോട് ചേർന്ന് റോഡരികിലും നടന്ന വെട്ടിപ്പൊളിക്കൽ ഗതാഗതത്തെയും കാൽനട യാത്രയെയും ബുദ്ധിമുട്ടിലാക്കി. റീ ടാറിങ് നടത്താനായി വാർഡ് കൗൺസിലർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ജനുവരി ആദ്യവാരം ക്വാറി മിശ്രിതം കൊണ്ടുവന്ന് പാതയിൽ ഇട്ടിരുന്നു. പത്ത് ദിവസത്തിനകം റീ ടാറിങ് നടത്തുമെന്ന് അറിയിച്ചിരുന്നതായും എന്നാൽ, പിന്നീട് ഒന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന് ശേഷം ശനിയാഴ്ചയാണ് രണ്ടാം വട്ടവും ക്വാറി മിശ്രിതം ഇടുന്നത്. മിശ്രിതം ഇട്ട് ഒരുമണിക്കൂർ കഴിയും മുമ്പേ മഴയെത്തി. പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതല ജല അതോറിറ്റിക്കാണ്.
ജിയോ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായും നഗരസഭ പരിധിക്കുള്ളിലെ ഏതാനും റോഡുകൾ വെട്ടിപ്പൊളിച്ചിട്ടത് ഇനിയും നന്നാക്കാൻ ബാക്കിയാണ്. മഴ തുടർന്നാൽ പാതയുടെ റീ ടാറിങ് അനന്തമായി നീളും. വേനൽക്കാലത്ത് അറ്റകുറ്റപണികൾ നടത്താതെ മഴക്കൊപ്പം നിർമാണ പ്രവർത്തികൾ ആരംഭിച്ചതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.