ഒറ്റപ്പാലം: നിർധനർക്ക് തല ചായ്ക്കാനൊരിടം നൽകുകയെന്ന ലക്ഷ്യവുമായി വീട്ടമ്മയുടെ ഭൂദാനം. ഒറ്റപ്പാലം തോട്ടക്കര പാറക്കുളത്തിൽ പരേതനായ അയ്യപ്പന്റെ ഭാര്യ പ്രേമവത്സലയാണ് (68) ഒമ്പത് സെന്റ് ഇതിനായി നഗരസഭക്ക് കൈമാറിയത്. തോട്ടക്കരയിലെ ചേരികുന്ന് റോഡിലാണ് ദാന ഭൂമി. നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ലൈഫ് പദ്ധതി, പ്രളയ പുനരധിവാസം പോലുള്ളവയിലെ ഭവന നിർമാണ പദ്ധതികൾക്ക് ഇഷ്ടദാനം പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സ്വമേധയാ വീട്ടമ്മ ഭൂമി കൈമാറിയത്.
നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, സെക്രട്ടറി എ.എസ്. പ്രദീപ് എന്നിവർക്ക് കൈമാറി. ബാല്യം തൊട്ടേ ജീവകാരുണ്യ പ്രവർത്തനത്തിൽ ആകൃഷ്ടയാണ് പ്രേമവത്സലയെന്ന് അടുത്തറിയുന്നവർ പറഞ്ഞു. ചേരിക്കുന്ന് വാർഡിൽ അപകടാവസ്ഥയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനും ലൈഫ്ഭവന പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകാനും സ്ഥലം ഉപയോഗിക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം. രേഖകളുടെ കൈമാറ്റ ചടങ്ങിൽ ഉപാധ്യക്ഷൻ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ കെ. അബ്ദുൽ നാസർ, വാർഡ് കൗൺസിലർ കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.