ഒറ്റപ്പാലം: പ്ലാറ്റ്ഫോമുകളിലെത്താൻ മേൽപ്പാലം കയറിയിറങ്ങി തളരുന്ന യാത്രക്കാർക്ക് ആശ്വാസമായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം ഒരുങ്ങുന്നു. ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിന് സമീപമാണ് രണ്ടിടങ്ങളിലും ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിർമാണം പുരോഗമിക്കുകയാണ്.
പാലക്കാട്, ഷൊർണൂർ ജങ്ഷനുകൾക്കുശേഷം ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സ്റ്റേഷൻ എന്ന പരിഗണയിലാണ് ഒറ്റപ്പാലത്ത് ലിഫ്റ്റ് അനുവദിച്ചതെന്ന് അധികൃതർ പറഞ്ഞു. 40 ലക്ഷം വീതം രണ്ടിടങ്ങളിലെ ലിഫ്റ്റ് സംവിധാനത്തിന് 80 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരേസമയം 13 പേർക്ക് കയറാവുന്ന ലിഫ്റ്റുകളാണ് സ്ഥാപിക്കുക.
കെട്ടിടം നിർമാണം പൂർത്തിയാകുന്ന മുറക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ റെയിൽവേ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടക്കും. പാലക്കാട് ഡിവിഷനിലെ പാലക്കാട് സ്റ്റേഷനിൽ മൂന്ന് ലിഫ്റ്റുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൂടാതെ തിരൂർ, കൊയിലാണ്ടി, കണ്ണൂർ സ്റ്റേഷനുകളിൽ ഓരോ ലിഫ്റ്റ് വീതവും സ്ഥാപിക്കും. റെയിൽവേ ഭൂപടത്തിൽ മലബാറിെൻറ പ്രവേശന കവാടമായി അടയാളപ്പെടുത്തിയ ഒറ്റപ്പാലം സ്റ്റേഷൻ നേരിടുന്ന അവഗണകൾക്കിടയിൽ ലഭിച്ച ലിഫ്റ്റ് പദ്ധതിക്ക് തിളക്കമേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.