ഒറ്റപ്പാലം: കാത്തിരിപ്പിനൊടുവിൽ പാലക്കാട് -കുളപ്പുള്ളി പാതയിൽ അപകടം പതിയിരിക്കുന്ന പ്രദേശങ്ങളിൽ സീബ്രലൈൻ വരച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് സീബ്രലൈൻ വരക്കുന്നതിന് തുടക്കമിട്ടത്. പാലക്കാട് -കുളപ്പുള്ളി പാതയുടെ ഗുണമേന്മ വാഹനങ്ങളുടെ അമിത വേഗത്തിനൊപ്പം അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതുമൂലം തിരക്കേറിയ പാത മുറിച്ചുകടന്ന് വിദ്യാലയങ്ങളിലും മറ്റും എത്താൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നത് പതിവാണ്.
താലൂക്ക് വികസന സമിതി യോഗങ്ങളിൽ ഇതു സംബന്ധിച്ച പരാതികൾ പതിവായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അപകടം പതിവായ പ്രദേശത്ത് സീബ്രലൈൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി.എം.എ ജലീൽ കഴിഞ്ഞ നവംബറിൽ പരാതി സമർപ്പിച്ചിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, ചുനങ്ങാട് റോഡ് ജങ്ഷൻ, 19ാം മൈൽ, പാലപ്പുറം എൻ.എസ്.എസ് കോളജ്, ലക്കിടി, മംഗലം, മൗണ്ട് സീന, കിൻഫ്ര പരിസരം, വാണിയംകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് സീബ്രലൈൻ സ്ഥാപിച്ചത്. അതേസമയം, ഈ പാതയിൽ മാത്രമായി സീബ്രലൈനുകൾ പരിമിതപ്പെടുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഒറ്റപ്പാലത്തെ എൽ.എസ്.എൻ സ്കൂൾ, രോഗികളുമായി പാത മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന താലൂക്ക് ആശുപത്രിക്ക് മുന്നിലെ പാത തുടങ്ങിയ റോഡുകളിൽ കൂടി സീബ്രലൈൻ സ്ഥാപിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.