ബസുകൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾ; ഭീതിയിൽ യാത്രക്കാർ

ഒറ്റപ്പാലം: ബസുകൾ കേന്ദ്രീകരിച്ച് അടിക്കടി നടക്കുന്ന മോഷണം യാത്രക്കാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം ഹ്രസ്വദൂര യാത്രക്കിടെ രണ്ട് സ്ത്രീകൾക്ക് നഷ്ടമായത് എട്ട് പവന്‍റെ ആഭരണങ്ങളാണ്.

പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ ലക്കിടിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് കയറിയ ആലത്തൂർ സ്വദേശിനി േപ്രമലതയുടെ (54) കഴുത്തിലണിഞ്ഞിരുന്ന നാലരപവൻ മാലയും പാലപ്പുറത്തുനിന്ന് ഒറ്റപ്പാലത്തേക്ക് കയറിയ ഒറ്റപ്പാലം സ്വദേശിനി റഹ്മത്തിന്‍റെ (65) ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍റെ മാലയുമാണ് നഷ്ടമായത്. സംഭവത്തെ തുടർന്ന് ബസുകളിലെ നിരീക്ഷണവും യാത്രക്കാർക്കുള്ള ബോധവത്കരണവും പൊലീസ് ആരംഭിച്ചു. യാത്രക്കാർ ജാഗ്രത പാലിക്കുന്നതിന് മുന്നറിയിപ്പ് നൽകാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകാൻ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു.

പണവും ആഭരണങ്ങളും നഷ്ടപ്പെടുന്നത് പതിവാണെങ്കിലും പലരും പൊലീസിൽ പരാതിയുമായി സമീപിക്കാൻ മടിക്കുകയാണ്. സമാന രീതിയിൽ അമ്പലപ്പാറ സ്വദേശിനികളായ രണ്ടുപേർ മോഷണത്തിന് ഇരകളായത് കഴിഞ്ഞമാസമാണ്. ഒന്നര പവന്‍റെ മാലയും 60,000 രൂപയുടെ ചെക്കും പണവും ഇവർക്ക് നഷ്ടമായി. ഒറ്റപ്പാലത്തെ എ.ടി.എമ്മിൽനിന്ന് കാൽ ലക്ഷം രൂപ പിൻവലിച്ച ശേഷം ബാഗിൽ സുരക്ഷിതമായി നിക്ഷേപിച്ച് വീട്ടിലേക്കെത്താൻ ബസ് കയറിയ തൃക്കങ്ങോട് സ്വദേശിനിയെ കൊള്ളയടിച്ചിട്ട് അധിക കാലമായിട്ടില്ല. ബാഗിന്‍റെ സിബ് തുറന്ന് പണമടങ്ങിയ പഴ്‌സും എ.ടി.എം കാർഡും കവരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യവും പരാതിയോടൊപ്പം ഇവർ സമർപ്പിച്ചിരുന്നെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. ബസിറങ്ങിയ ശേഷമാണ് മോഷണവിവരം അറിയുന്നത് എന്നതിനാൽ പ്രതികൾക്ക് രക്ഷപ്പെടാനും അവസരമാകുന്നു.

Tags:    
News Summary - Passengers in fear on theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.