ഒറ്റപ്പാലം: യാത്രക്കാരേറെയുണ്ടായിട്ടും ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റപ്പാലത്ത് വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുംബൈയിൽനിന്ന് കേരളത്തിലേക്ക് 1973 മുതൽ സർവിസ് നടത്തുന്ന ജയന്തി ജനത എക്സ്പ്രസ്, 1944 മുതൽ ഓടിക്കൊണ്ടിരിക്കുന്ന കാരക്കൽ-എറണാകുളം ടീ ഗാർഡൻ എക്സ്പ്രസ് എന്നിവക്ക് ഒറ്റപ്പാലത്തുണ്ടായിരുന്ന സ്റ്റോപ്പുകളാണ് പൊടുന്നനെ നിർത്തിയത്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്രചെയ്യേണ്ടവർ ഇതോടെ വെട്ടിലായി.
കൊച്ചുവേളി-ബാംഗ്ലൂർ ട്രെയിനിന്‍റെ ഒറ്റപ്പാലത്തെ സ്റ്റോപ് നിർത്തിയിട്ട് അധിക നാളുകളായിട്ടില്ല. അമൃത, കേരള എക്സ്‌പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ കൂടി നിർത്തലാക്കാനുള്ള നീക്കവും നടക്കുന്നതായാണ് ബന്ധപ്പെട്ടവരിൽനിന്നുള്ള വിവരം.
യാത്രക്കാരുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോഴാണ് നിലവിലെ യാത്രസൗകര്യം കൂടി റെയിൽവേ അധികൃതർ നിർത്തലാക്കുന്നത്. സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെ നിരവധി പരാധീനതകൾക്ക് പരിഹാരം കാണാനുണ്ടെന്നിരിക്കെയാണ് ട്രെയിനുകളുടെ സ്റ്റോപ് നിർത്തുന്നത്. വിവിധ സംഘടനകളും വ്യക്തികളും റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ട്രെയിനുകളുടെ സ്റ്റോപ് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28ന് സി.പി.എം ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചു. രാവിലെ ഒമ്പതിന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യും. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, മുൻ എം.എൽ.എ എം. ഹംസ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.