ഒറ്റപ്പാലം: മലബാറിന്റെ പ്രവേശന കവാടമെന്ന നിലയിൽ റെയിൽവേയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒറ്റപ്പാലം സ്റ്റേഷനിൽ വികസനം പാളം തെറ്റുന്നു. യാത്രക്കാരേറെയുണ്ടെങ്കിലും നൂറ്റാണ്ട് പിന്നിട്ട സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്റ്റേഷനിലെത്തുന്നവർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. പൊരിവെയിലിലും പെരുമഴയിലും യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നതാണ് മേൽക്കൂര ഭാഗികമായ ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോം സംവിധാനം.
ഒറ്റപ്പാലത്തെ രണ്ട് പ്ലാറ്റ്ഫോമുകളുടെയും അവസ്ഥ സമാനമാണ്. ട്രെയിൻ സ്റ്റേഷനിലെത്താൻ നേരം മേൽക്കൂരക്ക് കീഴിൽനിന്ന് മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമിലേക്ക് മഴയും വെയിലുമേറ്റ് നെട്ടോട്ടമോടേണ്ടിവരുന്നവരിൽ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട്. റിസർവേഷൻ ബോഗികളാണ് മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമിൽ കൂടുതലും എത്തുന്നതെന്നതിനാൽ ദീർഘദൂര യാത്രികർക്കാണ് ബുദ്ധിമുട്ട് കൂടുതലുള്ളതും. സമീപ സ്റ്റേഷനായ ഷൊർണൂരിൽ സ്പർശിക്കാതെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള വണ്ടികളിൽ പലതിനും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല.
പാലക്കാടുനിന്ന് 33 ഉം ഷൊർണൂരിൽനിന്ന് 13 ഉം കിലോമീറ്ററിനിടയിലുള്ള ഒറ്റപ്പാലത്ത് സ്റ്റോപ്പില്ലാത്ത കാരണം ചെർപ്പുളശ്ശേരി, മണ്ണാർക്കാട് തുടങ്ങിയ ദൂരദിക്കുകളിൽ നിന്നുള്ളവർക്ക് തൃശൂരിലിറങ്ങി തിരികെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന പാർസൽ സർവിസിെൻറ പ്രവർത്തനം അധികൃതർ നിർത്തിവെച്ചതും ഇരുട്ടടിയായി. കംഫർട്ട് സ്റ്റേഷൻ, ക്ലോക്ക് റൂം, ട്രെയിൻ വിവരം അറിയാൻ സഹായിച്ചിരുന്ന ടച്ച് സ്ക്രീൻ സംവിധാനം, എൻക്വയറി കൗണ്ടർ തുടങ്ങി അത്യാവശ്യ സേവനങ്ങൾ ഒന്നൊന്നായി സ്റ്റേഷന് നഷ്ടമായി.
രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രം പ്രവർത്തിക്കുന്നതാണ് ഇവിടുത്തെ റിസർവേഷൻ കൗണ്ടർ. തൽക്കാൽ ടിക്കറ്റിനായി രാവിലെ 11വരെ വരിനിൽക്കണം. പലർക്കും നിരാശയോടെ കാത്ത് നിന്നതാവും മിച്ചം. ഇതിനുശേഷം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ തിരികെ ഷൊർണ്ണൂരോ പാലക്കാടോ പോയി റിസർവഷൻ തരപ്പെടുത്തേണ്ട അവസ്ഥയാണ്. ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിയും രാഷ്ട്രപതിയും രാജ്യത്തുണ്ടായിട്ടുണ്ട്. നയതന്ത്ര പെരുമയുടെ കണ്ണിമുറിയാത്ത പാരമ്പര്യത്തിെൻറ മഹിമയും വേണ്ടുവോളമുണ്ട്. എന്നിട്ടും ഒറ്റപ്പാലത്തോടുള്ള റെയിൽവേയുടെ അവഗണനക്ക് മാത്രം മാറ്റമില്ലാതെ തുടരുന്നു. റെയിൽവേയുടെ അവഗണക്കെതിരെ സിറ്റിസൺസ് ഫോറത്തിെൻറ നേതൃത്വത്തിൽ പ്രതിഷധ കൂട്ടായ്മക്ക് കഴിഞ്ഞ ദിവസം രൂപംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.