പാലക്കാട്: നെല്ല് സംഭരണത്തിലെ ലോഡിങ് പോയന്റ് പരിഷ്കാരം നിർബന്ധമാക്കിയാൽ സാമ്പത്തികബാധ്യതയേറി കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ. ഓരോ പാടശേഖര സമിതിയും ഒരു ലോഡിങ് പോയന്റ് കണ്ടെത്തി കൃഷിവകുപ്പ് വഴി സിവിൽ സൈപ്ലസ് വകുപ്പിനെ അറിയിക്കണമെന്നാണ് ഈ വർഷം മുതലുള്ള നെല്ലെടുപ്പ് നടപടിക്രമം. കളങ്ങളിൽനിന്നോ വീടുകളിൽനിന്നോ മില്ലുടമകൾ നേരിട്ട് നെല്ലെടുക്കുന്ന സമ്പ്രദായമായിരുന്നു ഇതുവരെ പുതിയ പരിഷ്കരണ നടപടികൾക്കായി ഓരോ പാടശേഖരസമിതിയും ഓരോ ലോഡിങ് പോയന്റ് കണ്ടെത്തി കൃഷിവകുപ്പിനെ അറിയിക്കണം. അവിടെ എത്തിയാണ് മില്ലുടമകൾ നെല്ലെടുക്കുക.
മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി കൊയ്തെടുക്കുന്ന നെല്ല് കളങ്ങളിലെത്തിച്ച് ഉണക്കി ചാക്കിലാക്കിയാണ് മില്ലുടമകൾക്ക് കൈമാറുന്നത്. മില്ലുടമകൾ കളങ്ങളിൽ നിന്ന് കൊണ്ടുപോവുകയാണ് പതിവ്. ഇനി ലോഡിങ് പോയന്റ് തെരഞ്ഞെടുത്താൽ കർഷകർ നെല്ല്, അവിടെയെത്തിക്കുന്നതിന്റെ ചെലവുകൂടി വഹിക്കേണ്ടിവരും. മറ്റു ജില്ലകളിൽ ഈ സമ്പ്രദായമില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാലക്കാട്ടെ കർഷകർക്ക് തീരുമാനം തിരിച്ചടിയാവുമെന്നും കൂടുതൽ കർഷകർ കൃഷി ഉപേക്ഷിക്കുമെന്നും ദേശീയ കർഷകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നെൽകർഷകരിൽ 90 ശതമാനവും രണ്ടു ഹെക്ടറിന് താഴെയുള്ള കർഷകരാണ്. മൂന്നും നാലും സെന്റിൽ കൃഷിചെയ്യുന്ന ചെറുകിട കർഷകർക്കാണ് ലോഡിങ് പോയന്റ് നിർബന്ധമാക്കിയാൽ ഏറെ ബുദ്ധിമുട്ട്. നെല്ല് വൃത്തിയാക്കി സംരക്ഷിക്കാൻ ഇടമില്ലാതെ വരുകയും കാലാവസ്ഥാ പ്രതിബന്ധങ്ങളെ നേരിടേണ്ടിവരുകയും ചെയ്യും. ലോഡിങ് പോയന്റ് നിർബന്ധമാക്കുകയാണെങ്കിൽ സംഭരണസ്ഥലങ്ങളിൽ നെല്ല് എത്തിക്കാൻ ചുരുങ്ങിയത് 2840 രൂപ അധികമായി വരും.
വാഹനക്കൂലിയും ഇറക്ക്-കയറ്റുകൂലികളും ഉൾപ്പെടെയാണിത്. പരിഷ്കാരം സംഭരണ മില്ലുടമകളെ സഹായിക്കാനാണെന്ന് ദേശീയ കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു. നെല്ലളന്ന കർഷകന് 20 ദിവസത്തിനുള്ളിൽ വില നൽകണം. കർഷകരുടെ നെല്ല് സൂക്ഷിക്കാനുള്ള സ്ഥലം സൈപ്ലകോ കണ്ടെത്തണം. മഴയും വെയിലും കൊള്ളാതിരിക്കാൻ കെട്ടിടം ഉണ്ടാക്കണമെന്നും ഭാരവാഹികളായ സി. ബാലകൃഷ്ണൻ, കെ.എ. ജയരാമൻ, വി. ബാലകൃഷ്ണൻ, സി.എ. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.