പാലക്കാട്: ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റലൈസേഷന്‍റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ ബാങ്കുകൾ ഗ്രാമങ്ങൾ തോറും അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളുടെയും റിസർവ് ബാങ്കിന്‍റെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും ജില്ല ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പേപ്പർ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. സംസ്ഥാന സർക്കാർ ഇടപാടുകൾ ആഗസ്റ്റ് 15ഓടെ സമ്പൂർണമായും ഡിജിറ്റലാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിൽ ഇത്തരമൊരു പ്രവർത്തനം നടക്കുന്നത്. തൃശൂരും കോട്ടയവും ഇപ്പോൾ തന്നെ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു. നിലവിലുള്ള സേവിങ്സ്, കറന്‍റ് അക്കൗണ്ട് ഇടപാടുകാർക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റൽ മാധ്യമം വഴി ബാങ്കിടപാടുകൾ വേഗത്തിൽ സുരക്ഷിതവും സുതാര്യവുമായി നടത്താൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. പ്രഖ്യാപനത്തെ തുടർന്ന് പദ്ധതിയുടെ പ്രചാരണ വിഭാഗം നിർമിച്ച വിഡിയോയുടെ പ്രകാശനം നിർവഹിച്ചു. ജില്ല കലക്ടർ പാലക്കാട് പ്രസ് ക്ലബിന് പുതുതായി ക്യൂ.ആർ കോഡ് നൽകിയശേഷം അത് സ്കാൻ ചെയ്ത് ഡിജിറ്റൽ പേ മെന്റ് നിർവഹിച്ചു. ആർ.ബി.ഐ മാനേജർ ഇ.കെ. രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ നോഡൽ ഓഫിസർ ഗോവിന്ദ് ഹരിനാരായണൻ സ്വാഗതവും ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ.പി. ശ്രീനാഥ് നന്ദിയും പറഞ്ഞു.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്‍റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ ക്യൂ.ആർ കോഡ്, യു.എസ്.എസ്.ഡി, ആധാർ അധിഷ്ഠിത പേ മെന്‍റ് സംവിധാനം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ ഓരോ വ്യക്തികളെയും സ്ഥാപങ്ങളെയും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കറൻസി രഹിത ഇടപാടുകളിലേക്ക് മാറുന്നതോടെ കുറഞ്ഞ ചെലവിൽ യഥാസമയം ഇടപാടുകൾ നടത്തുന്നതിന് സാധ്യമാവും.
എല്ലാവിധ ദൈനംദിന സാമ്പത്തിക ഇടപാടുകക്കും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാം. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, കർഷകർ, ദിവസവേതനക്കാർ തുടങ്ങി എല്ലാ ജനവിഭാഗത്തെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനുവേണ്ട ബോധവത്കരണ പരിപാടികൾ ജില്ലയിലുടനീളം ലീഡ് ബാങ്കിന്‍റെയും വിവിധ സർക്കാർ ഏജൻസികളുടെയും ബാങ്ക് ശാഖകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റു അംഗീകൃത ഗ്രൂപ്പുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.