പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ അണിയറ നീക്കങ്ങൾ സജീവം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് പാലക്കാട് നിയമസഭ മണ്ഡലമാണ്. ആഞ്ഞ് ശ്രമിച്ചാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് പാർട്ടി ഉറച്ച് വിശ്വസിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും ഷാഫി പറമ്പില്‍ മാറിയതും ബി.ജെ.പി ഗുണകരമായി കാണുന്നു. 2021ല്‍ മെട്രോമാന് ഇ. ശ്രീധരനെ ഇറക്കി മണ്ഡലത്തില്‍ ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും നേരിയ വ്യത്യാസത്തിന് വിജയം അകന്നുനിന്നു.
വോട്ടെണ്ണലിന്റെ ഭൂരിപക്ഷം സമയവും ഇ. ശ്രീധരനായിരുന്നു മുന്നിട്ട് നിന്നതെങ്കില്‍ അവസാനനിമിഷം ഷാഫി പറമ്പില്‍ കയറിവരികയായിരുന്നു. കേവലം 3859 വോട്ടിനായിരുന്നു യു.ഡി.എഫ് വിജയം. ഷാഫി പറമ്പില്‍ 54079, ഇ. ശ്രീധരന് 50220 , സി.പി. പ്രമോദ് 36433 എന്നിങ്ങനെയായിരുന്നു വോട്ടുനില.
മണ്ഡലത്തില്‍ ഷാഫി പറമ്പിലിനുള്ള വ്യക്തി സ്വാധീനവും സി.പി.എം ക്രോസ് വോട്ട് ചെയ്തതുമാണ് കഴിഞ്ഞ തവണ യു.ഡി.എഫ് വിജയത്തില്‍ നിർണായകമായതെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി ആരായാലും തന്നെ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ അത്ര സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ബി.ജെ.പിയില്‍ സ്ഥാനാർഥി ചർച്ചകള്‍ സജീവമാണ്. സി. കൃഷ്ണകുമാർ, ശോഭ സുരേന്ദ്രന്, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് ബി.ജെ.പിയില്‍നിന്ന് പ്രധാനമായി ഉയർന്ന് കേട്ടിരുന്നത്.
എന്നാല്‍, പ്രാദേശിക ഘടകത്തിനും ജില്ല ഘടകത്തിനും താല്പര്യം സി. കൃഷ്ണകുമാറിനോടാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു സി. കൃഷ്ണകുമാർ. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറിന്റെ കാര്യത്തില്‍ എതിർപ്പില്ലെന്നാണ് അറിയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക മണ്ഡലത്തെ അടുത്ത് അറിയുന്ന സി. കൃഷ്ണകുമാറാണെന്ന നിലപാടും മണ്ഡല-ജില്ല നേതൃത്വങ്ങളിലുണ്ട്.
മൂന്നുതവണ ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിലനിര്‍ത്തേണ്ടത് യു.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭ മണ്ഡലത്തില്‍നിന്ന് യു.ഡി.എഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയേക്കാള്‍ 9707 വോട്ട് യു.ഡി.എഫിന് അധികം ലഭിച്ചു.
നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ വണ്ടി കയറിയപ്പോള്‍തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഷാഫി പറമ്പിൽ പരോഷമായി ഉയർത്തികൊണ്ടുവന്നെങ്കിലും ജില്ല നേതൃത്വത്തിന് അതിന് താൽപര്യമില്ല.
ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പന്, വി.ടി. ബൽറാം, ഡോ. സരിൻ എന്നിവരുടെ പേരുകൾ സജീവപരിഗണനയിലാണ്. വിഷയത്തിൽ എ.ഐ.സി.സി നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും.
2011 നഷ്ടപ്പെട്ട മണ്ഡലം ഉപതെരഞ്ഞെപ്പിലുടെ തിരിച്ചുപിടിക്കുകയെന്ന വീറും വാശിയോടെയുമാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നത്. അതിനുവേണ്ടി സി.പി.എം മത്സരിച്ച സീറ്റ് ഘടക കക്ഷികൾക്ക് നൽകുന്ന കാര്യവും പരിഗണനയിലാണ്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്.
ഷാഫി പറമ്പിൽ മാറിയതിലൂടെ പാലക്കാട് നഗരസഭയും പിരായിരി പഞ്ചായത്തിലെയും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനും ഇടതുപക്ഷം ശ്രമിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.