പാലക്കാട്: നഗഭസഭയുടെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി പോളുകളിലും ഡിവൈഡറുകളിലും ചട്ടംലംഘിച്ച് പരസ്യബോർഡുകൾ തുടരുന്നു. പെതുമരാമത്ത് വകുപ്പ് റോഡുകളിൽ പരസ്യം പ്രദർശിപ്പിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ നഗരസഭ അധികൃതരുടെ മൗനാനുവാദത്തോടെ സി.സി.ടി.വി കാമറ തൂണുകളിലും റോഡ് ഡിവൈഡുകളിലും പരസ്യങ്ങൾ വ്യാപകമെന്ന് നഗരസഭക്ക് യു.ഡി.എഫ് കൗൺസിലർമാർ പരാതി നൽകി.
സി.സി.ടി.വി പോളുകൾ, റോഡ് ഡിവൈഡറുകൾ, ട്രാഫിക് പോളുകൾ എന്നിവിടങ്ങളിൽ പരസ്യബോർഡുകൾ പാടില്ലെന്ന നിബന്ധനയോടെയാണ് പൊതുമരാമത്ത് വകുപ്പ് പോൾ സ്ഥാപിക്കാൻ അനുമതി നൽകിയത്. എന്നാൽ ചട്ടംലംഘിച്ച് പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ടത് യു.ഡി.എഫ് കൗൺസിലർമാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അനധികൃത ബോർഡുകൾ നീക്കാൻ അസി. എൻജിനീയർ സ്ക്വാഡ് രൂപവത്കരിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കൗൺസിലർമാരായ എ. കൃഷ്ണൻ, സെയ്ത് മീരാൻ ബാബു, ബി. സുബാഷ്, ബഷീർപ്പ, എഫ്.ബി. ബഷീർ, ഡി. ഷജിത്കുമാർ എന്നിവർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. 2024 ആഗസ്റ്റ് ഒമ്പതിനാണ് പാലക്കാട് നഗരസഭ എൻജിനീയറിങ് വിഭാഗം സി.സി.ടി.വി സ്ഥാപിച്ച ഇരുമ്പ് കാലുകളിലെ പരസ്യബോർഡുകൾ നീക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
പാലക്കാട്: ദക്ഷിണേന്ത്യയിൽ ആദ്യമായി ഒരു നഗരം മുഴുവൻ കാമറയിൽ തൽസമയം ചിത്രീകരിക്കുന്ന പദ്ധതി പ്രതിപക്ഷം അട്ടിമറിക്കുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് ആരോപിച്ചു.
നഗരത്തിൽ സ്ഥാപിച്ച കാമറ പദ്ധതിക്ക് കീഴിൽ 24 മണിക്കൂറും ലൈവ് ഫീഡ് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള കൺട്രോൾ റൂമിൽ ലഭ്യമാക്കി വരുന്നു. ഇതിനുവേണ്ട ചിലവ് കരാറുകാരൻ തന്നെ പരസ്യത്തിൽനിന്ന് കണ്ടെത്തണം എന്നാണ് വ്യവസ്ഥ.
നഗരസഭ റോഡുകളിൽ സ്ഥാപിച്ച കാമറ തൂണുകളിൽ കരാറിൽ നിശ്ചയിച്ച പ്രകാരമാണ് പരസ്യം വെച്ചിട്ടുള്ളതെന്നും പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.