പാലക്കാട്: ജില്ല ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ഒ.പി ടിക്കറ്റുകൾ വേണ്ടത്ര കിട്ടുന്നില്ലെന്ന് പരാതി. രാവിലെ എട്ടുമുതലാണ് ഒ.പി ടിക്കറ്റുകൾ നൽകിത്തുടങ്ങുക. അപ്പോഴേക്കും രോഗികളുടെ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ടാകും. നാലു കൗണ്ടറുകളിലായാണ് ഒ.പി ടിക്കറ്റുകൾ കൊടുക്കുന്നത്. ഇതിൽ വയോജനങ്ങൾക്ക് മാത്രമായി ഒരു കൗണ്ടറുണ്ട്. മണിക്കൂറോളം വരി നിന്നാലാണ് ടോക്കൺ ലഭിക്കുക. പ്രത്യേക ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന സ്പെഷൽ ഒ.പികൾക്ക് പരിമിതമായ ടിക്കറ്റുകളാണ് നൽകുന്നതെന്ന് പരാതിയുണ്ട്. അവ തീർന്നാൽ അന്ന് പിന്നെ ഡോക്ടറെ കാണാൻ കഴിയില്ല. അടുത്തദിവസം ഇതിനായി വീണ്ടും വരേണ്ടി വരും. നിരവധി പേർ ഇങ്ങനെ മടങ്ങിപ്പോകുന്നുണ്ട്. ഒരു മണി വരെയാണ് ഒ.പി ടിക്കറ്റ് നൽകുക.
പ്രതിദിനം അഞ്ഞൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ജില്ല ആശുപത്രിയിൽ എല്ലാവർക്കും ഒ.പി ടിക്കറ്റ് ലഭിക്കാത്തത് ഇവിടെ എത്തുന്നവരെ വലക്കുന്നുണ്ട്. ജില്ല ആശുപത്രിയിൽ വരുന്ന ഭൂരിഭാഗം രോഗികളും സാധാരണക്കാരാണ്. ഒരു ദിവസത്തെ പണി കളഞ്ഞാണ് പലരും ചികിത്സ തേടിയെത്തുന്നത്. ഡോക്ടർമാരെ കാണാൻ സാധിക്കാത്തത് ഇവർക്ക് സാമ്പത്തിക-സമയ നഷ്ടം ഉണ്ടാക്കുന്നു. കാർഡിയോളജി, യൂറോളജി, നെഫ്രോളജി തുടങ്ങിയ സ്പെഷൽ ഒ.പികൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രവർത്തിക്കാറുള്ളത്. ഇവക്കാണെങ്കിൽ നിശ്ചിത എണ്ണം ഒ.പി ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. അത് കഴിഞ്ഞാൽ പിന്നെ ചികിത്സ ലഭിക്കില്ല. ഇത്തരത്തിൽ ടോക്കൺ ലഭിക്കാതെ ചികിത്സ മുടങ്ങുന്നത് ചികിത്സാ നിഷേധമാണെന്ന് പരാതിക്കാർ പറയുന്നു. കഴിഞ്ഞമാസം മുതൽ കിടത്തിചികിത്സ ആരംഭിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളജിലും തിരക്ക് വർധിച്ചുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.