കാരാകുർശ്ശി: വയനാട്ടിലെ ഉരുൾ ദുരന്തബാധിതർക്ക് കാരാകുർശ്ശി ഗ്രാമ പഞ്ചായത്തിന്റെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് കെ. ശാന്തകുമാരി ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളിൽനിന്നും ജീവനക്കാരിൽനിന്നുമാണ് തുക സ്വരൂപിച്ചത്. കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുന്നാസർ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. കെ. മജീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വടക്കഞ്ചേരി: വയനാട്ടിലെ ദുരിതബാധിതർക്കായി കിഴക്കഞ്ചേരി പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ നൽകി. കെ.ഡി. പ്രസേനൻ എം.എൽ.എക്ക് ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കവിതമാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി ആർ.ഷീന, കെ.രവീന്ദ്രൻ, രതിക മണികണ്ഠൻ, രാജി കൃഷ്ണൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് വായനശാലയുടെ ധനസഹായവും കെ.ഡി. പ്രസേനൻ എം.എൽ.എ ഏറ്റുവാങ്ങി. സ്വരൂപിച്ച 16,300 രൂപ വായനശാല പ്രസിഡന്റ് കെ.എൻ. പ്രസാദ്, സെക്രട്ടറി കെ.എ. ചന്ദ്രൻ എന്നിവരാണ് എം.എൽ.എക്ക് കൈമാറിയത്. കിഴക്കഞ്ചേരി പാണ്ടാംകോട്ടിലെ പ്രദീപ്കുമാർ - സുഷമ ദമ്പതികളുടെ മകൾ നാലാം തരം വിദ്യാർഥിനി ശ്രീലക്ഷ്മി തന്റെ സമ്പാദ്യ കുടുക്കയും എം.എൽ.എക്ക് കൈമാറി.
കൊല്ലങ്കോട്: വേദനിക്കുന്നവർക്ക് കൈതാങ്ങാകാൻ പുളിങ്കാവിൽ ബസ് വീണ്ടും നിരത്തിലിറങ്ങും. ഗോവിന്ദാപുരം- കൊല്ലങ്കോട്-നെന്മാറ-വടക്ക ഞ്ചേരി-പഴയന്നൂർ റൂട്ടിലോടുന്ന ബസിന്റെ ഇന്നത്തെ കലക്ഷൻ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ബസ് ഉടമ എം.ഷാജഹാൻ പറഞ്ഞു.
2018 വെള്ളപ്പൊക്ക സമയത്തും കലക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ബസ് കണ്ടക്ടർ അബ്ബാസ്, ഡ്രൈവർ രതീഷ് എന്നിവർ അന്ന് ധനസമാഹരണത്തിന് മുൻപന്തിയിലുണ്ടായിരുന്നു.പുളിങ്കാവിൽ ബസിനു പുറമെ ആർ.എൻ.ടി ബസും ഒരു ദിവസത്തെ കലക്ഷൻ വയനാടിനായി നൽകാൻ നിരത്തിലിറങ്ങും.
കോട്ടായി: വയനാട്ടിലെ ഉരുൾ ദുരിത ബാധിതർക്ക് കാരുണ്യ ഹസ്തവുമായി എഫ്.ഐ.ടി. യു - ടൈലേഴ്സ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി. പുതുവസ്ത്രങ്ങളും ഗാർഹികാവശ്യ വസ്തുക്കളും കുട്ടികൾക്കാവശ്യമായ സാധനങ്ങളുമാണ് സ്വരൂപിച്ചത്.
അസോസിയേഷൻ അംഗങ്ങളിൽ നിന്നും സുമനസുകളിൽ നിന്നുമാണ് ഇവ ശേഖരിച്ചതെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് മറിയ ഷംസുദ്ദീൻ കോട്ടായി, ജില്ല സെക്രട്ടറി ഷഹറ ബാനു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.