പാലക്കാട്: പനിയും മഴക്കാല രോഗങ്ങളും പടരുമ്പോഴും മലിനജലവും പാഴ് ചെടികളും നിറഞ്ഞ് പാലക്കാട് മെഡിക്കൽ കോളജ്. പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾക്ക് സമീപമാണ് മലിനജലം കെട്ടിനിൽക്കുന്നത്. പ്രധാന കോമ്പൗണ്ടിന്റെ ഉൾവശം കാടുമൂടിക്കിടക്കുകയാണ്. കൊതുകുകളുടെ പ്രജനനകേന്ദ്രമായി ഇവിടങ്ങൾ മാറാൻ അധികനേരം ആവശ്യമില്ല. അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്ന കാമ്പസിൽ എന്തെങ്കിലും രോഗം ബാധിച്ചാൽ പോലും ജില്ല ആശുപത്രിയിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വീടുകളിലും സ്ഥാപനങ്ങളിലും കൃഷിസ്ഥലങ്ങളിലുമെല്ലാം മലിനജലം കെട്ടിനിർത്തരുതെന്നും കൊതുകുകളുടെ പ്രജനനത്തിന് സൗകര്യമൊരുക്കരുതെന്നും സർക്കാറും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകുമ്പോഴാണ് സർക്കാറിന് കീഴിലുള്ള മെഡിക്കൽ കോളജിൽ ഈ അവസ്ഥ. മെഡിക്കൽ കോളജും പരിസരവും ശുചീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.