പാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ ആരംഭിച്ചു. തിങ്കളാഴ്ച ജനറൽ മെഡിസിൻ, ത്വഗ്, സർജറി വിഭാഗമാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യദിനം അഞ്ചുപേർ ചികിത്സക്കെത്തി. മെഡിക്കൽ കോളജിൽ പൂർണതോതിൽ ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ല ആശുപത്രിയിൽനിന്ന് ഘട്ടം ഘട്ടമായാണ് ഒ.പികൾ മാറ്റുന്നത്.
കഴിഞ്ഞദിവസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ഈ മാസത്തോടെ മെഡിക്കൽ കോളജിന്റെ മുഴുവൻ ചികിത്സയും അവരുടെ കാമ്പസിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിൽ 120 കിടക്കകളുള്ള വാർഡ് സൗകര്യമാണ് മെഡിക്കൽ കോളജിലുള്ളത്. ഒരു തീവ്രപരിചരണ വിഭാഗവും രണ്ട് ശസ്ത്രക്രിയ തിയറ്ററുകളും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഒ.പികൾ മാറ്റുമെന്ന് മെഡിക്കൽ കോളജ് ഡയറക്ടർ ഒ.കെ. മണി പറഞ്ഞു.
ആദ്യഘട്ടത്തിൽ സർജറി, ഓർത്തോപീഡിക്, ഇ.എൻ.ടി, മാനസികാരോഗ്യം, നേത്ര വിഭാഗം, ചർമം, ശ്വാസകോശ വിഭാഗം എന്നിവ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ, എല്ലാ വിഭാഗങ്ങളും മെഡിക്കൽ കോളജിലേക്ക് മാറ്റണമെങ്കിൽ ഇനിയും സൗകര്യങ്ങളൊരുക്കാനുണ്ട്. നിലവിൽ മെഡിക്കൽ കോളജിന് ഇതുവരെ ഫയർ എൻ.ഒ.സി ലഭിച്ചിട്ടില്ല.
ഒ.പി, കിടത്തിച്ചികിത്സ ആരംഭിക്കുന്നതോടെ ഫാർമസി സൗകര്യം ഉൾപ്പെടെയുള്ളവ ഉറപ്പാക്കണം. രോഗികൾക്ക് കാന്റീൻ സൗകര്യവും ഇവിടെയില്ല. കിടത്തിച്ചികിത്സ തുടങ്ങുമ്പോൾ സ്വാഭാവികമായും കൂട്ടിരിപ്പുകാർക്ക് ഉൾപ്പെടെ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
യാത്രാസൗകര്യം ഇല്ലാത്തതിനാൽ സാധാരണക്കാരായ ജനങ്ങൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ പ്രയാസവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുമെന്നും അതിനാൽ മെഡിക്കൽ കോളജിനെ കൂടി ബന്ധിപ്പിച്ച് ടൗൺ ബസ് സർവിസുകൾ ഉടൻ ആരംഭിക്കണമെന്നും ജനതാദൾ എസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. രമേഷ് കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.