പാലക്കാട്: കോവിഡ് പ്രതിരോധനടപടികളിൽ കൃത്യവിലോപം നടത്തിയതിന് നഗരസഭ സസ്പെൻഡ് ചെയ്ത ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ വിവിധ ലോഡ്ജുകളിൽനിന്ന് വ്യാപക പിരിവ് നടത്തിയതായി ആരോപണം. ജില്ലയിൽ തിരിച്ചെത്തുന്ന അന്തർസംസ്ഥാന തൊഴിലാളികളെ ലോഡ്ജുകളിൽ ക്വാറൻറീനിൽ അയക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പണം ആവശ്യപ്പെട്ടിരുന്നത്. ഇതോടൊപ്പം േകാവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആളുകളെ കുത്തിനിറക്കുന്നതിനടക്കം ലോഡ്ജുടമകളെ നിർബന്ധിക്കുകയും ചെയ്തിരുന്നു.
ഇതരസംസ്ഥാനത്ത് നിന്നെത്തിയ അതിഥിതൊഴിലാളികളെ നഗരത്തിലെ രണ്ട് സ്ഥാപനങ്ങളിൽ ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ച് കൂട്ടമായി താമസിപ്പിച്ചതിനും ഡോക്ടറെ തെറ്റിദ്ധരിപ്പിച്ച് ക്വാറൻറീൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനും ഇയാൾക്കെതിരെ പരാതികളുയർന്നതോടെയാണ് നഗരസഭ ബുധനാഴ്ച ഇയാളെ സസ്പെൻഡ് ചെയ്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൂടെ ചുമതലകൂടി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് സസ്പെൻഷനിലായത്. തെറ്റിദ്ധരിപ്പിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് ഡോക്ടറും നഗരസഭയിൽ പരാതിപ്പെട്ടിരുന്നു.
നഗരസഭയെയും ഡോക്ടറെയും തെറ്റിദ്ധരിപ്പിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ ഇദ്ദേഹത്തിനെതിരെ പരാതിയിൽ വിശദ അന്വേഷണം നടത്താൻ അധ്യക്ഷ പ്രമീള ശശിധരൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവിട്ടത്. നഗരസഭാപരിധിയിൽ 12 ലോഡ്ജുകളാണ് ക്വാറൻറീൻ സൗകര്യത്തിനായി തെരഞ്ഞെടുത്തത്.
വിശദ അന്വേഷണം നടത്തും
സസ്പെൻഷനിലായ ആരോഗ്യപ്രവർത്തകൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റശേഷം സ്വീകരിച്ച നടപടികളെല്ലാം അന്വേഷിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ. കഞ്ചിക്കോട്ടെ ചില കമ്പനികളുമായടക്കം ഇയാളുടെ പ്രവർത്തനങ്ങൾ അന്വേഷണത്തിെൻറ പരിധിയിൽ ഉണ്ടാവും. മാനദണ്ഡങ്ങൾ ലംഘിച്ച ലോഡ്ജുകൾക്ക് താക്കീതുനൽകിയതായും ചെയർപേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.