പാലക്കാട്: വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യസംസ്കരണം ഉറപ്പുവരുത്താൻ പാലക്കാട് നഗരസഭ. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണകേന്ദ്രത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ നിർദേശമനുസരിച്ച് വാർ റൂം തയാറാക്കാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. വിശദ പദ്ധതി തയാറാക്കാൻ കൗൺസിൽ അംഗങ്ങളും ആരോഗ്യ വിഭാഗവും സംയുക്ത യോഗംവിളിക്കും.
സാമ്പത്തിക വർഷം അവസാനിക്കുന്ന മുറക്ക് അവശേഷിക്കുന്ന പദ്ധതികളിൽ ദ്രുതഗതിയിൽ കരാർ ഒപ്പിടണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. പല വാർഡുകളിലും ഇദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവുകൾ മൂലം സൈറ്റ് ഹാഡോവറിങ് നടന്നിട്ടില്ല. റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.
അമൃത് പദ്ധതി ഒരു വർഷം കൂടി നീട്ടിക്കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അറിയിച്ചു. അങ്ങനെയെങ്കിൽ വിഭാവനം ചെയ്ത പദ്ധതികൾ പൂർണമായി നടപ്പാക്കാനാവും. അമൃത് പദ്ധതിൽ ഉൾപ്പെട്ട റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും വൈസ് ചെയർമാൻപറഞ്ഞു.
ഇതിനിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സർക്കാർ നടപ്പിൽവരുത്തിയ ‘സകർമ’ സംവിധാനം ആശക്കുഴപ്പമുണ്ടാക്കുന്നതായി കൗൺസിലർമാരിൽ ചിലർ ചൂണ്ടിക്കാട്ടി. കൗൺസിലിൽ നടക്കുന്ന ചർച്ചകൾ രേഖപ്പെടുത്താനുള്ള അവസരം പോലും ഇതോടെ ഇല്ലാതായെന്നും ഇവർ പറഞ്ഞു.സകർമയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ദൂരീകരിക്കാൻ അടുത്തയാഴ്ച ശിൽപശാല സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൻ പ്രിയ കെ. അജയൻപറഞ്ഞു.നഗരസഭയിലെ ശ്മശാനങ്ങൾ ഉപയോഗപ്രദമല്ലാതായ സാഹചര്യത്തിൽ വിശദാംശങ്ങളും നടപടികളും അടുത്ത കൗൺസിൽ യോഗത്തിൽ അറിയിക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.