മുണ്ടൂർ: ഗ്രാമീണ മേഖലയിലെ ക്ഷേത്രങ്ങളിൽ ഉത്സവകാലം വരവായി. എഴക്കാട് തിരു കുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. തായമ്പക വിദ്വാൻ ശുകപുരം രാധാകൃഷ്ണന് കീഴിൽ ചെണ്ടമേളം അരങ്ങേറ്റവും നടന്നു.
ക്ഷേത്രത്തിൽ ഒരുമാസമായി നടന്നുവരുന്ന മണ്ഡല മാസാചരണത്തിന് സമാപനം കുറിച്ചാണ് താലപ്പൊലി അഘോഷിച്ചത്. ദാരികവധംപാട്ട്, പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, നാദസ്വരം, ആറാട്ട്, താലംപൂജ, മേളം, ഇടയ്ക്ക പ്രദക്ഷിണം, വെളിച്ചപ്പാട് നൃത്തം, പ്രത്യേക പൂജകൾ, പുഷ്പാലങ്കാരം, ദീപാലങ്കാരം എന്നിവയുണ്ടായി.
അഴിയന്നൂർ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച രാത്രി എട്ടിന് കൊടിയേറും.
വൈകീട്ട് ഏഴിന് സാംസ്കാരിക സമ്മേളനം, എട്ടിന് കെടിയേറ്റം തുടർന്ന്, ഇരട്ടത്തായമ്പക എന്നിവ ഉണ്ടയിരിക്കും. ഡിസംബർ 20ന് വൈകീട്ട് ഏഴിന് തിരുവാതിരകളി, 21ന് ഓട്ടന്തുള്ളൽ, നൃത്തനൃത്യങ്ങൾ, 22ന് ഭക്തിഗാനമേള, 23ന് രാവിലെ ഒമ്പതിന് വിളക്കുപൂജ, വൈകീട്ട് ഏഴിന് കഥകളി, 24ന് ചെറിയവിളക്ക്, നൃത്തനൃത്യങ്ങൾ, 25ന് വലിയവിളക്ക്, ഉച്ചക്ക് രണ്ടിന് ഗ്രാമപ്രദക്ഷിണ ഘോഷയാത്ര, രാത്രി എട്ടിന് പള്ളിവേട്ട, 26ന് ആറാട്ട്, രാവിലെ 10ന് പഞ്ചവാദ്യം, ആറാട്ട് സദ്യ, സമാപന സമ്മേളനം എന്നിവയുണ്ടാകും. പാലക്കീഴ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് താലപ്പൊലി ഡിസംബർ 28ന് ആഘോഷിക്കും.
കല്ലടിക്കോട്: കാട്ടുശ്ശേരി അയ്യപ്പൻ കാവിലെ താലപ്പൊലി വർണാഭമായി. ദേശവേലകൾക്ക് മിഴിവേകിയ കാവടിയാട്ടവും തലയെടുപ്പുള്ള ഗജവീരന്മാരും പ്രശസ്തരായ വാദ്യസംഘങ്ങളും നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും ഉത്സവത്തിന് കൊഴുപ്പേകി.
ഉച്ചക്ക് നടന്ന കാഴ്ചശീവേലിക്ക് പഞ്ചവാദ്യസംഘം അകമ്പടിയായി. കല്ലടി, ചുങ്കം, മുട്ടിയങ്ങാട്, പുലക്കുന്നത്ത്, ടി.ബി, കളിപറമ്പിൽ, കുന്നത്ത് കാട്, ഇരട്ടക്കല്ല്, പറക്കിലടി, പാങ്ങ്, മുതുകാട് പറമ്പ്, വാക്കോട്, മേലേപയ്യാനി, ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ എന്നീ ദേശവേലകൾ വൈകീട്ട് അഞ്ചോടെ കല്ലടിക്കോട് സെൻററിൽ ഒരുമിച്ചു നാടുചുറ്റി തിരിച്ചെത്തിയ ദേശവേലകൾ രാത്രിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.