കല്ലടിക്കോട്: രണ്ട് പഞ്ചായത്തുകളിലെ മലയോര മേഖലയിൽ പേമാരിയിലുണ്ടായത് വൻ നാശം. തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ പാലക്കയം, മൂന്നേക്കർ മേഖലകളിലാണ് കഴിഞ്ഞ ദിവസം സന്ധ്യക്ക് പെയ്ത മഴ നാശം വിതച്ചത്. പാലക്കയം നിരവ് പ്ലാമൂട്ടിൽ ചാക്കോയുടെ വീട് വെള്ളം കയറി തകർന്നു.
ചീരംകുളം വർഗീസ് അടക്കം നിരവധി പേരുടെ വീടുകൾ ചെളിയും മണ്ണും കയറി വാസയോഗ്യമല്ലാതായി. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്സി, കിടക്ക എന്നിവ വെള്ളം കയറി നശിച്ചു. ഒരു ഡസൻ കച്ചവടക്കാരുടെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ത്രാസ്, ഫ്രിഡ്ജ് എന്നിവ നശിച്ചു.
ജനപ്രതിനിധികൾ, തദ്ദേശ എൻജിനീയറിങ് വിഭാഗം, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. മലയോര റോഡുകൾക്കും കേട് പാട് പറ്റി. കരിമ്പ ഒന്ന് വില്ലേജിലെ മൂന്നേക്കറിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ വെള്ളം കയറി. തുപ്പനാട് പുഴയോരത്ത് താമസിക്കുന്ന ഇവരുടെ അടുക്കള ഭാഗത്ത് സൂക്ഷിച്ച പാത്രങ്ങളും ഗൃഹോപകരണങ്ങളും ഒലിച്ച് പോയി. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മുന്നേക്കർ, തുടിക്കോട് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് പാതി തകർന്നു. കടപുഴകിയ മരത്തടികൾ ഇടിച്ച് തകർന്നകോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തിയും റോഡും ഒലിച്ച് പോയി.
തുപ്പനാട്- മീൻവല്ലം പുഴയോടു ചേർന്നുള്ള തുടിക്കോട് റോഡിലേക്ക് പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞ് താണു. റോഡരിക് തകർന്നതോടെ തുടിക്കോട് കോളനിയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു. തുടിക്കോട്ട് നിവാസികൾക്ക് മൂന്നേക്കറിലെത്തി ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനും അടിയന്തിര ചികിത്സക്ക് രോഗികളെ കൊണ്ട് പോകുന്നതിന് മൂന്നേക്കറിലെത്തേണ്ടതുണ്ട്. മൂന്ന് കോടി രൂപ ചെലവഴിച്ച് ഒരു വർഷം മുൻപ് നിർമിച്ച റോഡാണ് മഴയിൽ തകർന്നത്. മീൻവെല്ലം വെള്ളച്ചാട്ട പ്രദേശമാണ് തുപ്പനാട് പുഴയുടെ ഉത്ഭവകേന്ദ്രം. രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള പ്രദേശമായ തുടിക്കോട് ഭാഗത്താണ് റോഡ് തകർന്നത്. 800 മീറ്റർ ഭാഗംറോഡ് ഇല്ലാതായി. ഇതോടെ തുടിക്കോട് നിവാസികൾക്ക് യാത്ര മാർഗം അടഞ്ഞു.
അതേസമയം, തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയത്തും പരിസരങ്ങളിലും ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് അവലോകന യോഗം ചേർന്നു. കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.