പാലക്കാട്: സി.പി.ഐ യുവജന വിഭാഗമായ എ.ഐ.വൈ.എഫിന് സമാന്തരമായി പുറത്താക്കപ്പെട്ടവർ സേവ് യുവജന ഫെഡറേഷൻ രൂപവത്കരിക്കുന്നു. നിലവിലെ എ.ഐ.വൈ.എഫിലെ വലിയ വിഭാഗത്തെ അണിനിരത്തി ആഗസ്റ്റ് 15ന് സേവ് യുവജന ഫെഡറേഷൻ രൂപവത്കരിക്കുമെന്ന് സമാന്തര സംഘടന പ്രതിനിധികൾ അറിയിച്ചു. രൂപവത്കരണ യോഗം പാലക്കാട് തൃപ്തി ഹാളിൽ പുറത്താക്കപ്പെട്ട സി.പി.ഐ മുന്‍ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്യും.
നേരത്തെ സി.പി.ഐ ജില്ല കൗൺസിലിന് ബദലായി സേവ് സി.പി.ഐ ജില്ല കൗൺസിൽ രൂപവത്കരിച്ചിരുന്നു. കൂടാതെ ഈ മാസം 19ന് സഖാവ് കൃഷ്ണപ്പിള്ള ദിനം ആചരിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ ജില്ല സമ്മേളനത്തോടെയാണ് പാലക്കാട്ട് സി.പി.ഐയിൽ വിഭാഗീയത രൂക്ഷമായത്. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പാർട്ടി കമീഷൻ കണ്ടെത്തിയവരെ പുറത്താക്കിയതിനെത്തുടർന്ന് ഉണ്ടായ അസ്വസ്ഥതകളാണ് ഗുരുതര ഉൾപാർട്ടി പ്രശ്നമായി മാറിയത്. പുറത്താക്കൽ ഏകപക്ഷീയമായെന്നാരോപിച്ച് നടപടി നേരിട്ടവരാണ് സേവ് സി.പി.ഐ ഫോറം രൂപവത്കരിച്ചത്.
വിമതരെന്ന് പറഞ്ഞ് പുറത്താക്കാനല്ല, ഭിന്നത പരിഹരിച്ച് ചേർത്തുപിടിക്കാനാണ് സി.പി.ഐ നേതൃത്വം ശ്രമിക്കേണ്ടതെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ. സേവ് സി.പി.ഐ ഫോറത്തിന്റെ പേരിൽ പുറത്തുവന്നത് നേതൃത്വത്തോടുള്ള ചില അഭിപ്രായങ്ങളാണ്. വിമതപ്രവർത്തനമല്ല, അവരും പാർട്ടിക്കാരാണല്ലോ. കമ്യൂണിസ്റ്റ് വിരുദ്ധരുമല്ല. നേതൃത്വവുമായി ഭിന്നത ഉണ്ടെങ്കിൽ അതിൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. പാർട്ടിയെ കൊണ്ട് ഉപജീവനം നടത്താൻ ശ്രമിക്കുന്ന ചില വ്യക്തികൾ കയറിക്കൂടിയതാണ് അപചയത്തിന് കാരണം.
ഞാൻ അടിമുടി പാർട്ടി പ്രവർത്തകനാണ്. പാർട്ടി വിട്ടുള്ള ഒരു ഐഡന്റിറ്റിയും എനിക്കില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും പാർട്ടിയെ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് പത്തെഴുപത് കൊല്ലമായി ചെയ്തത്. അവസാന നിമിഷം ഇത് കാണുമ്പോൾ ദുഃഖമുണ്ട്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണമെന്ന് പറയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.