കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ താണാവ് മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം പൂർത്തിയായി.നിലവിലെ പാതയിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ അവശേഷിക്കുന്ന മഴവെള്ളചാൽ നിർമാണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് നവീകരണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ പ്രോജക്റ്റ് മാനേജർ ‘മാധ്യമ’ത്തോട് പറഞ്ഞു. നാലര വർഷം മുമ്പാണ് പ്രവൃത്തി തുടങ്ങിയത്.
കോവിഡ് കാല നിയന്ത്രണം, സ്ഥലമെടുപ്പിനുള്ള കാലതാമസം, ആവശ്യമായ സാങ്കേതിക തൊഴിലാളികളുടെ ക്ഷാമം എന്നിവ കാരണം പ്രവൃത്തികൾ പല തവണ മുടങ്ങി. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, റോഡിനിരുവശവും ടൈൽ പതിക്കൽ, സീബ്രാലൈനുകൾ, സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, ക്രാഷ് ബാരിയർ, ബസ് ബേ, ബസ് ഷെൽട്ടർ എന്നിവയടക്കം ജോലികൾ തീർക്കുവാനുള്ള കാലതാമസവും കൂടിയായപ്പോൾ നവീകരണം നീണ്ടു.
നാട്ടുകൽ മുതൽ താണാവ് വരെയുള്ള പാതയിൽ ടാറിങ് പ്രവൃത്തിയാണ് അവസാനഘട്ടമെന്ന നിലയിൽ പൂർത്തികരിച്ചത്. മൂന്ന് പ്രധാന പാലങ്ങളും ഒൻപത് മൈനർ പാലങ്ങളും ഗതാഗത സജ്ജമാക്കി. വേലിക്കാട്, സത്രം കാവ്, കല്ലടിക്കോട് കനാൽ പാലം, ഇടക്കുർശ്ശി കനാൽ പാലം, മാച്ചാംതോട്, പൊന്നംങ്കോട്, പുതുപ്പരിയാരം എരിവരിതോട്, തുപ്പനാട് എന്നി പാലങ്ങളും പുതുതായി നിർമിച്ചു. 46.76 കിലോമീറ്റർ റോഡ് നിർമാണത്തിന് 173 കോടിയാണ് ദേശീയപാത അതോറിറ്റി ചെലവഴിച്ചത്. പൊതുമരാമത്ത് ഉദ്യാഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. മറ്റ് റോഡുകളുടെ നിർമാണത്തിൽനിന്ന് വ്യത്യസ്തമായി ഇ.പി.സി (എൻജിനിയറിങ്, പ്രൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മോഡ്) കരാറിലൂടെയാണ് റോഡ് നിർമിച്ചത്.
റോഡ് നവീകരണം പൂർത്തിയാക്കി നാല് വർഷത്തിനകം പാതയിലുണ്ടാവുന്ന പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കാൻ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഉത്തരവാദിത്വം ഉണ്ട്. റോഡ് പണി തീർന്നാലും സുരക്ഷിത യാത്രക്കുള്ള ക്രമീകരണങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. വാഹനാപകടങ്ങൾ കുറക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും ദേശീയപാത അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടലും അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.