പട്ടാമ്പി: കാളരാത്രിയുടെ ഓർമയിൽ ആമയൂർ വീണ്ടും തേങ്ങുന്നു. കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും നാലു മക്കളെയും അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ പാല രാമപുരം ചക്കാമ്പുഴ പറമ്പത്തോട് റെജികുമാറിന് നൽകിയ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്ത വാർത്തയാണ് ആമയൂരിന്റെ മനസ്സിനെ ഞെട്ടിക്കുന്നത്.
വിയ്യൂർ ജയിലിൽ കഴിയുന്ന റെജികുമാർ വധശിക്ഷക്കെതിരെ നൽകിയ അപ്പീലിൽ തീർപ്പാകുന്നതു വരെയാണ് സ്റ്റേ. പ്രതിയുടെ മാനസികനില പരിശോധിച്ച് എട്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കൂട്ടക്കൊലക്ക് ദൃക്സാക്ഷികളില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷിച്ചതെന്നുമാണ് റെജികുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ, അഡ്വ. മുകുന്ദ് പി. ഉണ്ണി എന്നിവരുടെ വാദം. ഷൊർണൂർ ഡിവൈ.എസ്.പിയായിരുന്ന സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര പുറത്തായത്.
റബർ ടാപ്പിങ്ങിന് ആമയൂരിൽവന്ന് താമസിച്ച റെജികുമാറിനെ കൂടെ ജോലി ചെയ്തിരുന്ന ഭർതൃമതിയായ സ്ത്രീക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് കൊലപാതകിയാക്കിയത്. 2008 ജൂലൈ 23നാണ് ആമയൂരിൽ വാടകവീട്ടിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മാതാപിതാക്കളെ കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ വെളിപ്പെട്ടത്. 25ന് ഭാര്യ ലിസിയുടെ (39) അഴുകിയ ജഡം സെപ്റ്റിക് ടാങ്കിലും അമൽ(10 ), അമന്യ (3) എന്നീ കുട്ടികളുടെ ജഡം അടുത്ത കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ജൂലൈ ഒമ്പതിന് ഭാര്യ നാട്ടിൽ പോയെന്നാണ് റെജികുമാർ അയൽവാസികളെ ധരിപ്പിച്ചിരുന്നത്.
എന്നാൽ, എട്ടിന് രാത്രി കൊലപാതകം നടത്തിയെന്നാണ് തെളിഞ്ഞത്. രാത്രി റെജികുമാറിന് വന്ന കാമുകിയുടെ ഫോണിനെക്കുറിച്ചുള്ള തർക്കവും പിടിവലിയിലുമാണ് ലിസിയുടെ കൊലപാതകത്തിൽ എത്തിയത്.
ജൂലൈ 11ന് കുട്ടികളെയും കൂട്ടി അമ്മയുടെ അടുത്തേക്കെന്നു പറഞ്ഞു പോയ പ്രതി 12ന് തിരിച്ചെത്തി രണ്ടു കുട്ടികളെയും കൊലപ്പെടുത്തി ജഡം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. പത്തു ദിവസത്തോളം യാതൊരു ഭാവഭേദവുമില്ലാത്ത ടാപ്പിങ് ജോലി ചെയ്ത പ്രതി 22ന് രാമപുരത്ത് പോയി മക്കളായ അമലു (12), അമല്യ (9) എന്നിവരെയും കൂട്ടി ആമയൂരിലെത്തി. പുലർച്ചെ മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. പിന്നീട് അമല്യയെയും കൊലപ്പെടുത്തി.
റെജികുമാർ ജഡങ്ങൾ മാറ്റാതെ വീട് പൂട്ടി സ്ഥലം വിട്ടതാണ് കൊലപാതക പരമ്പര വെളിപ്പെടുത്തിയത്. ആമയൂരിന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ഘാതകന്റെ വധശിക്ഷക്ക് വലിയ സ്വീകാര്യതയാണ് നാടും അന്വേഷകസംഘവും നൽകിയത്. എന്നാൽ, ഉന്നത നീതിപീഠത്തിന്റെ സ്റ്റേയിൽ നിരാശയാണെങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.