പട്ടാമ്പി: ലോകത്തിലെ 98 രാജ്യങ്ങളുടെ പേരുകൾ വലുപ്പ ക്രമത്തിൽ പറയാൻ അഞ്ചുവയസ്സുകാരൻ അവ്യങ്ങിന് നിമിഷങ്ങൾ മതി. അസാമാന്യമായ ഈ വൈഭവമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് 2022ൽ ഈ കൊച്ചുപ്രതിഭയെ എത്തിച്ചത്. മുതിർന്നവർക്കുപോലും പ്രയാസകരമായ കാര്യങ്ങളാണ് ഈ മിടുക്കൻ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത്.
ലോകരാജ്യങ്ങളുടെ വലുപ്പ ക്രമമനുസരിച്ച് ഒരു മിനിറ്റിനുള്ളിൽ ഒരാൾക്ക് എത്ര രാജ്യങ്ങളുടെ പേരുകൾ പറയാൻ കഴിയുമെന്നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നൽകിയിരുന്ന ടാസ്ക്. ഈ വെല്ലുവിളി ഏറ്റെടുത്ത അവ്യങ് 98 രാജ്യങ്ങളുടെ പേരുകൾ നിഷ്പ്രയാസം പറഞ്ഞാണ് റെക്കോഡിട്ടത്. കൂടുതൽ സമയം ലഭിക്കുകയാണെങ്കിൽ 195 രാജ്യങ്ങളുടെ പേരും ആ രാജ്യങ്ങളുടെ തലസ്ഥാനവും തെറ്റുകൂടാതെ അവ്യങ്ങിന് നിഷ്പ്രയാസം പറയാൻ സാധിക്കുമെന്ന് രക്ഷിതാക്കൾ അവകാശപ്പെടുന്നു. ഗണിതത്തിലും അതി തൽപരനാണ്. വലിയ സംഖ്യകളുടെ വരെ വ്യവകലനവും സങ്കലനവും മനസ്സിൽ കണക്കാക്കി നിമിഷ നേരം കൊണ്ട് ഉത്തരം നൽകാനും അവ്യങ്ങിന് കഴിയും. ഗണിതവുമായി ബന്ധപ്പെട്ട് ചില മാജിക്കുകളും വശത്താക്കിയിട്ടുണ്ട്. 2020ലേയും 2021ലേയും ഏതു തീയതി ചോദിച്ചാലും എന്താഴ്ചയാണ് വരുന്നതെന്ന് നിമിഷ നേരംകൊണ്ട് കലണ്ടറിൽ നോക്കാതെതന്നെ അവ്യങ്ങിന് പറയാൻ കഴിയും.
അറുപതോളം ശ്ലോകങ്ങൾ കാണാതെയും അക്ഷര സ്ഫുടതയിലും താളത്തിലും ചൊല്ലാനും അവ്യംഗ് പരിശീലിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിെൻറ വളാഞ്ചേരി ശാഖയുടെ മാനേജറായ തൃശൂർ മുളങ്കുന്നത്ത് കാവ് കൂടല്ലൂർ മനയിലെ ഭവദാസ് നമ്പൂതിരിപ്പാടിെൻറയും പാലക്കാട് കുലുക്കല്ലൂർ ഒരു പുലാശേരി മനയിലെ അനഘയുടേയും മൂത്ത മകനാണ് വളാഞ്ചേരി ഡൽഹി ഇൻറർനാഷനൽ സ്കൂളിലെ യു.കെ.ജി വിദ്യാർഥിയായ അവ്യംഗ്. രണ്ടുമാസം പ്രായമുള്ള അനിയനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.